Skip to main content

ആവേശം ചോരാതെ ഹരിത വള്ളംകളി

71-ാ മത് നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് പുന്നമട കായലും സമീപ പ്രദേശങ്ങളും മാലിന്യമുക്തമായി സൂക്ഷിക്കാൻ ആലപ്പുഴ നഗരസഭ നടത്തിയത് കൃത്യമായ ആസൂത്രണം. നെഹ്റുട്രോഫി ജലോത്സവം ഇക്കുറി പൂർണമായും ഹരിതചട്ടങ്ങൾ പാലിച്ചാണ് സംഘടിപ്പിച്ചത്. വള്ളംകളി ആവേശത്തിനിടയിലും നാടിന്റെ വൃത്തിക്ക് പ്രധാന പ്രാധാന്യം നൽകുകയായിരുന്നു ആലപ്പുഴ നഗരസഭയുടെ ലക്ഷ്യം.

താത്കാലിക പാലം മുതൽ പുന്നമട സ്റ്റാർട്ടിങ് പോയിൻ്റ് വരെയും കെഎസ്ആർടിസിക്ക് കിഴക്കുവശവും  ഗ്രീൻ സോൺ ആയി പ്രഖ്യാപിച്ചു. ഗ്രീൻ സോണിൽ ഒരു തരത്തിലുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങളും അനുവദിച്ചില്ല. ഗ്രീൻ സോണിൽ വള്ളംകളി കാണാൻ എത്തുന്നവർ  ഗ്രീൻ ചെക്ക് പോസ്റ്റ്‌ വഴിയാണ് നെഹ്‌റു പവലിയനിൽ പ്രവേശിച്ചത്. യാതൊരുവിധ മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ഉള്ളിൽ കടക്കാതിരിക്കാൻ ഗ്രീൻ ചെക്ക് പോസ്റ്റിൽ നിൽക്കുന്ന നഗരസഭ ജീവനക്കാരും സന്നദ്ധപ്രവർത്തകരും സദാസമയം നിരീക്ഷിച്ചു. വാട്ടർ ബോട്ടിലുകളും, വലിച്ചെറിയപ്പെടാവുന്ന ഭക്ഷണ പാക്കറ്റുകളും ഇവിടെ പൂർണമായും നിരോധിക്കുകയും ചെയ്തു.
കുടുംബാംഗങ്ങളുമായി എത്തിയവർക്ക് ഇതിൽ ചെറിയ ഇളവ് നൽകി. ഇവർക്ക് ഗ്രീൻ ചെക്ക് പോസ്റ്റിൽ 20 രൂപ അടച്ച് സ്റ്റിക്കർ പതിപ്പിച്ചു നൽകി. തിരികെ വന്ന് സ്റ്റിക്കർ അടങ്ങുന്ന ബോട്ടിലോ, ഫുഡ്‌ പാക്കറ്റോ ഏൽപ്പിച്ചവർക്ക് 20 രൂപ തിരികെ നൽകി. 

ഗ്രീൻ ചെക്ക് പോസ്റ്റിൽ ആലപ്പുഴ നഗരസഭയും ജില്ലാ ശുചിത്വമിഷനും ചേർന്ന് പ്ലാസ്റ്റിക്  ബാഗിൽ ഫുഡ് പാക്കറ്റുകളും പേഴ്സ് മുതലായ അവശ്യവസ്തുക്കൾ  കൊണ്ടുവന്നവർക്ക് നൽകാനായി തുണി സഞ്ചികളും സജ്ജമാക്കിയിരുന്നു.

പവലിയനിലും ഗ്യാലറിയിലും കായൽ തീരത്തും ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പ് വരുത്തുന്നതിനായി 500 ൽ അധികം ഗ്രീൻ വോളണ്ടിയർമാരെയാണ് നിയോഗിച്ചത്. ഗ്രീൻ സോണുകളിൽ 20 മീറ്റർ അകലത്തിൽ ബോട്ടിൽ ബിന്നുകളും നെഹ്റു പവലിയനിൽ ഗ്ലാസ് ബോട്ടിലും മറ്റു ഇടങ്ങളിൽ വാട്ടർ കിയോസ്‌ക്കുകളും സ്ഥാപിച്ചു. വള്ളംകളി കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ നഗരം പൂർണമായി വൃത്തിയാക്കാനുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു.

date