ആലപ്പുഴ ജില്ലാപഞ്ചായത്ത് പദ്ധതി:മുതിർന്ന പഠിതാക്കൾ ഇനി ബിരുദപഠനത്തിലേക്ക്
സാക്ഷരത മിഷൻ്റെ ഹയർ സെക്കൻഡറി തുല്യതാകോഴ്സ് വിജയിച്ച മുതിർന്ന പഠിതാക്കൾ ഇനി ബിരുദ പഠനത്തിലേക്ക് പ്രവേശിക്കുന്നു. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വഴി സംസ്ഥാന സാക്ഷരതാ മിഷനാണ് പ്രായമായ പഠിതാക്കളുടെ ബിരുദ പഠനത്തിനുള്ള സാധ്യത തുറന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്താണ് സംസ്ഥാനത്ത് ആദ്യമായി സാക്ഷരതാ മിഷനുമായി ചേർന്ന് ബിരുദപഠന പരിപാടി ഏറ്റെടുത്തത്.
ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയിൽ 613 പേർ പങ്കാളികളാകുമെന്ന് അറിയിച്ചിട്ടുണ്ട്.
രജിസ്ട്രേഷൻ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രസിഡൻ്റ് കെ ജി രാജേശ്വരി നിർവ്വഹിച്ചു.
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് കുറവൻവെളിവീട്ടിൽ ആർ ദിനേശനിൽ (72) നിന്നും അപേക്ഷയും അനുബന്ധ രേഖകളും ഏറ്റുവാങ്ങിയാണ് ഉദ്ഘാടനം നടത്തിയത്.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം വി പ്രിയ ടീച്ചർ അധ്യക്ഷയായി. സംസ്ഥാന സാക്ഷരതാമിഷൻ ഡയറക്ടർ എ ജി ഒലീന ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ വി രതീഷ് പദ്ധതി രൂപരേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആർ റിയാസ് സ്വാഗതവും അസിസ്റ്റൻ്റ് കോർഡിനേറ്റർ എസ് ലേഖ നന്ദിയും പറഞ്ഞു.
- Log in to post comments