അമീബിക് മസ്തിഷ്‌കജ്വരം: മരുന്നും പരിശോധനാസൗകര്യവും ജില്ലയിലുണ്ടെന്ന് ആരോഗ്യവകുപ്പ് ഗ്രീന്‍ഫീല്‍ഡ് ഹൈവേയില്‍ വിമാനത്താവളത്തിലേക്ക് എന്‍ട്രി പോയിന്റ് വേണമെന്ന് ജില്ലാ വികസന സമിതിയില്‍ പ്രമേയം
അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്നതിനുള്ള പ്രാഥമിക പരിശോധനയായ വെറ്റ് മൗണ്ടിങ് ടെസ്റ്റ് എല്ലാ മെഡിക്കല്‍ കോളജുകളിലും ലഭ്യമാണെന്ന് ഡപ്യൂട്ടി ഡി.എം.ഒ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. ടി.വി ഇബ്രാഹിം എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബില്‍ മാത്രമാണ് പരിശോധനയെന്നും ഇതുമൂലം രോഗം സ്ഥിരീകരിക്കാനും ചികിത്സയാരംഭിക്കാനും കാലതാമസം വരുന്നുണ്ടെന്നുമുള്ള ആശങ്കയാണ് എം.എല്‍.എ വികസന സമിതി യോഗത്തില്‍ ഉന്നയിച്ചത്. വെറ്റ് മൗണ്ടിങ് ടെസ്റ്റ് മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ലഭ്യമാണ്. ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കാന്‍ കഴിയും. അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള മരുന്ന് ജില്ലയില്‍ ലഭ്യമാണ്. ജലാശയങ്ങള്‍ ശുചീകരിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. പത്ര-ദൃശ്യമാധ്യമങ്ങള്‍ വഴിയും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായ ബോധവത്കരണം നടത്തുന്നുണ്ടെന്നും ഡപ്യൂട്ടി ഡി.എം.ഒ വിശദീകരിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തിന് വേണ്ടി ഭൂമി ഏറ്റെടുത്തതിന്റെ ഭാഗമായി മൂന്ന് വീടുകളിലേക്കുള്ള വഴി പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടെന്നും ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നും പി.പി സുനീര്‍ എം.പി ആവശ്യപ്പെട്ടു. വഴി നഷ്ടപ്പെടുന്ന വീടുകള്‍ ഉള്‍പ്പെടുന്ന സ്ഥലം വിമാനത്താവള വികസനത്തിനായി ഏറ്റെടുക്കാനുള്ള ഭൂമിയുടെ പരിധിയിലാണെന്നും ഉടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കുമെന്നും ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു.
ഭൂമി തരം മാറ്റ അപേക്ഷകള്‍ അദാലത്ത് നടത്തി തീര്‍പ്പാക്കണമെന്ന് പി. ഉബൈദുള്ള എം.എല്‍.എ ആവശ്യപ്പെട്ടു. മച്ചിങ്ങല്‍ ബൈപാസില്‍ ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് രൂപപ്പെട്ട കുഴി അടയ്ക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നും ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും പി. ഉബൈദുള്ള എം.എല്‍.എ പറഞ്ഞു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ജനകീയ ഹോട്ടലുകള്‍ക്ക് നല്‍കാനുള്ള സബ്‌സിഡി തുക മുഴുവനായും കൊടുത്തുതീര്‍ത്തിട്ടുണ്ടെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓഡിനേറ്റര്‍ പി. ഉബൈദുള്ള എം.എല്‍എയുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
കോഴിക്കോട് - പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയില്‍ കൊണ്ടോട്ടി മണ്ഡലത്തിലെ വാഴയൂര്‍ പഞ്ചായത്ത്, ചീക്കോട് പഞ്ചായത്തിലെ ഇരുപ്പന്‍തൊടി എന്നിവ എന്‍ട്രി പോയിന്റില്‍ ഉള്‍പ്പെടുത്തണമെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.പി സുനീര്‍ എം.പി പ്രമേയത്തെ പിന്തുണച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള ഏക എന്‍ട്രി പോയിന്റാണ് ഇരുപ്പന്‍തൊടിയെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ഇത് യാതൊരു കാരണവശാലും എടുത്തുകളയുകയോ മറ്റൊരിടത്തേക്ക് മാറ്റുകയോ ചെയ്യരുതെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പൊന്നാനി കോള്‍ മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിച്ച് സമഗ്രമായ പദ്ധതി തയ്യാറാക്കണമെന്ന് എം.പി അബ്ദുസ്സമദ് സമദാനി എം.പിയുടെ പ്രതിനിധി ഇബ്രാഹിം മുതൂര്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരിസ്ഥിതിക്കും ജലസംരക്ഷണത്തിനും കാര്‍ഷികമേഖലയിലും വലിയ സംഭാവന നല്‍കുന്ന കോള്‍പാടങ്ങളിലെ കര്‍ഷകര്‍ ദുരിതത്തിലാണെന്ന് പ്രമേയത്തിലൂടെ എം.പിയുടെ പ്രതിനിധി വിശദീകരിച്ചു.
ജില്ലാ വികസന കമ്മീഷണര്‍ ദിലീപ് കൈനിക്കര, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ സാക്ഷി മോഹന്‍, എ.ഡി.എം എന്‍.എം മഹറലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എ.ഡി ജോസഫ് തുടങ്ങിയവര്‍ ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments