Skip to main content
"മാവേലിക്കസ് 2025" ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിക്കുന്നു

ഓണാഘോഷങ്ങൾക്ക് വർണ്ണത്തുടക്കം

 

മിന്നിത്തിളങ്ങി മാനാഞ്ചിറ

വർണവെളിച്ചത്തിൽ മിന്നിത്തിളങ്ങി കോഴിക്കോട് മാനാഞ്ചിറ സ്ക്വയർ. സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025- ന്റെ ഭാഗമായാണ് മാനാഞ്ചിറ സ്ക്വയർ ദീപാലംകൃതമായത്.
ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. മാനാഞ്ചിറ കേന്ദ്രീകരിച്ചാണ് ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോർപറേഷന്റെയും ആഭിമുഖ്യത്തിൽ നഗരത്തിൽ ദീപാലങ്കാരമൊരുക്കിയത്. ഇതിന് പുറമെ എസ്എം സ്ട്രീറ്റ്, കോഴിക്കോട് ബീച്ച്, സ്റ്റേറ്റ് ബാങ്ക്, എൽഐസി, മലബാർ പാലസ് കെട്ടിടങ്ങൾ, ഓൾഡ് കോർപ്പറേഷൻ കെട്ടിടം, ടൗൺഹാൾ, ബേപ്പൂര്‍, മാങ്കാവ്, മാവൂര്‍ റോഡ്, കടപ്പുറം, നഗരത്തിലെ മേൽപ്പാലങ്ങൾ എന്നിവയാണ് ദീപം കൊണ്ട് അലങ്കരിച്ചത്. സെപ്റ്റംബർ ഏഴുവരെ ദീപഭംഗി ആസ്വദിക്കാൻ അവസരമുണ്ടാകും.

വെളിച്ചത്തിൽ തീർത്ത ചിത്രശലഭം, ഓണകൊക്കുകൾ, ഓണക്കുട തുടങ്ങിയവ മാനാഞ്ചിറയിലെ പ്രധാന ആകർഷങ്ങണളാണ്. പ്രത്യേക മാതൃകകൾക്കു പുറമെ, മാനാഞ്ചിറയ്ക്കു ചുറ്റുമുള്ള മരങ്ങളും നടപ്പാതകളുടെ വശങ്ങളും ദീപങ്ങളാൽ അലംകൃതമാണ്. എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ മാനാഞ്ചറ പുതുദീപത്തിൽ കുളിച്ചുനിൽക്കും.

ചടങ്ങിൽ കെ എം സച്ചിൻ ദേവ് എംഎൽഎ മുഖ്യാതിഥിയായി. മേയർ ഡോ. ബീന ഫിലിപ്പ്, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി കെ നാസര്‍, വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ രാജഗോപാല്‍, ടൂറിസം വകുപ്പ് ജോയന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. 

നീന്തൽ മത്സരവും വടംവലി മത്സരവും മൂന്നിന്

ഓണോത്സവത്തോടനുബന്ധിച്ച് കുറ്റിച്ചിറ സംഘാടക സമിതി നടത്തുന്ന നീന്തൽ മത്സരവും വടംവലി മത്സരവും സെപ്റ്റംബർ മൂന്നിന് രാവിലെ എട്ടുമണിക്കും മൈലാഞ്ചി മത്സരം ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്കും നടക്കും.

date