ജൽ ജീവൻ മിഷൻ 'ഹർ ഘർ ജൽ' പ്രഖ്യാപനത്തിനൊരുങ്ങി അകലക്കുന്നം ഗ്രാമപഞ്ചായത്ത്
അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ഭവനങ്ങളിൽ ശുദ്ധജലമെത്തിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഉദ്ഘാടനം ചൊവ്വാഴ്ച (സെപ്റ്റംബർ രണ്ട്) ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
ഉച്ചകഴിഞ്ഞ് 3.30ന് പൂവത്തിളപ്പിലുള്ള ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ എല്ലാ വീടുകളിലും കുടിവെള്ളം പൈപ്പ് കണക്ഷനിലൂടെ എത്തിച്ചതിന്റെ 'ഹർ ഘർ ജൽ' പ്രഖ്യാപനം മന്ത്രി നടത്തും.
ജോസ് കെ. മാണി എംപി പരിപാടി ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഫ്രാൻസിസ് ജോർജ് എംപി. മുഖ്യപ്രഭാഷണം നടത്തും.
മീനച്ചിലാറിന്റെ തീരത്ത് മുത്തോലിക്കടവിൽ കേരള വാട്ടർ അതോറിറ്റി നിർമിച്ച കിണറും പമ്പു ഹൗസും പത്ത് എംഎൽഡി. ശേഷിയുള്ള ജലശുദ്ധീകരണശാലയും ഉൾപ്പെടുത്തിയാണ് കേരള വാട്ടർ അതോറിട്ടി മുഖേന പദ്ധതി നടപ്പിലാക്കുന്നത്.
മുത്തോലിയിലെ ജലശുദ്ധീകരണശാലയിൽ നിന്ന് കൊഴുവനാൽ പഞ്ചായത്തിലൂടെ അകലക്കുന്നം പഞ്ചായത്തിലെ ഇടമുളയിലെ 1.25 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള സമ്പ് കം പമ്പ് ഹൗസിലേക്ക് വെള്ളം പമ്പ് ചെയ്ത് എത്തിക്കും.
അവിടെനിന്ന് രണ്ടുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള പൂവത്തിളപ്പിലെ ഉപരിതല ടാങ്കിലും മൂന്നുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കരിമ്പാനിയിലെയും ചെങ്ങളത്തെയും സംഭരണികളിലേക്ക് പമ്പ് ചെയ്യും.
ഇതിനു പുറമേ മുത്തോലിയിലെ ജലശുദ്ധീകരണ പ്ലാന്റിൽനിന്ന് പാദുവായിലെ രണ്ടുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിലും വെള്ളമെത്തിച്ചുകൊണ്ടാണ് അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ പതിനഞ്ചുവാർഡുകളിലായി 3848 വീടുകളിൽ കുടിവെള്ളം ലഭ്യമാക്കുന്നത്.
വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ കെ. ജീവൻ ബാബു, ജില്ലാ ജല ശുചിത്വ മിഷൻ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെറ്റി റോയി മണിയങ്ങാട്ട്, അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ രാധാ വി. നായർ, ജോസ്മോൻ മുണ്ടയ്ക്കൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മാത്തുക്കുട്ടി ഞായർകുളം, സ്ഥിരംസമിതി അധ്യക്ഷരായ ശ്രീലത ജയൻ, ജേക്കബ് തോമസ്, ജാൻസി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം ജോബി ജോമി, അശോക് കുമാർ പൂതമന, ജൽ ജീവൻ മിഷൻ ഐ.എസ്.എ പ്ലാറ്റ്ഫോം സംസ്ഥാന വൈസ് ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ മാത്തുക്കുട്ടി ആൻറണി,സീമ പ്രകാശ്,സിജി സണ്ണി, ജോർജ് തോമസ്,ഷാൻറി ബാബു, കെ.കെ. രഘു, ജീനാ ജോയി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജിത്ത് മാത്യൂസ്, പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറുമാരായ ബെന്നി വടക്കേടം, രാജശേഖരൻ നായർ,മുൻ സ്ഥിരം സമിതി അധ്യക്ഷൻ ടെസി രാജു, വാട്ടർ അതോറിറ്റി ദക്ഷിണ മേഖല ചീഫ് എൻജിനീയർ സുരജാ നായർ, എക്സിക്യൂട്ടീവ് എൻജിനീയർ അനിൽ രാജ്, വാട്ടർ അതോറിറ്റി അംഗങ്ങളായ റ്റി.ബി. ബിന്ദു, ഷാജി പാമ്പൂരി, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് കിഴക്കേൽ, അസിസ്റ്റൻറ് ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടത്തിനാൽ, ജില്ലാ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ടെക്നിക്കൽ കൺസൾട്ടന്റ് അസ്സി എം. ലൂക്കോസ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടോമി മാത്യു ഈരൂരിക്കൽ, ബിജു പറമ്പകത്ത്, ജയ്മോൻ പുത്തൻപുരയ്ക്കൽ, എം.എ. ബേബി മുണ്ടൻകുന്ന്, ജയകുമാർ കാരിയ്ക്കാട്ട്, വി.പി. ഫിലിപ്പ്, സംഘടനാ പ്രതിനിധികളായ കെ. സുരേഷ് കുമാർ, ഗിരീഷ് ജി. നായർ, എസ്. സനീഷ് എന്നിവർ പങ്കെടുക്കും.
- Log in to post comments