Skip to main content
..

ഓണം കർഷക ചന്തയുടെ ജില്ലാതല ഉദ്ഘാടനം ഓണത്തിന് 20,000 കോടി രൂപ വിതരണം ചെയ്തു: മന്ത്രി കെ എൻ ബാലഗോപാൽ

 

തൊഴിലുറപ്പ്- കശുവണ്ടി മേഖലയിലെ തൊഴിലാളികൾ, ആശാ പ്രവർത്തകർ, ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ എന്നിവർക്കുൾപ്പെടെ 20,000 കോടി രൂപയാണ് ഓണത്തിന് സർക്കാർ വിതരണം ചെയ്തതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.
ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ ആനാട് ജംഗ്ഷന് സമീപം സംഘടിപ്പിച്ച കർഷക ചന്ത 'ഓണ സമൃദി -2025' ജില്ലാതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

മികച്ച കാർഷിക മേഖലയാണ് കൊട്ടാരക്കര. വിവിധ പദ്ധതികൾ വഴി മേഖലയിലെ 100 ഇടങ്ങളിൽ ചെണ്ടുമല്ലിപ്പൂക്കൾ കൃഷി ചെയ്യുകയാണ്. നാലാം തിയതി വരെ പ്രവർത്തിക്കുന്ന ഓണചന്ത മേഖലയിലെ കാർഷിക വിപണിക്ക് ഗുണം ചെയ്യും. ഓണക്കാലത്ത് സപ്ലൈകോ, കൺസ്യൂമർഫെഡ്  വഴി സാധങ്ങളുടെ ലഭ്യത ഉറപ്പാക്കി. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയുടെ ഒരു ഗഡു കൂടി ലഭ്യമാക്കി. വിഴിഞ്ഞം പദ്ധതി കൊല്ലം, പുനലൂർ മേഖലയുടെ വികസനവും കൂടുതൽ തൊഴിൽ അവസരങ്ങളും ഉറപ്പാക്കും. വയനാട് തുരങ്കത്തിന്റെ നിർമാണത്തിനായി 
2,300 കോടി വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നാടൻ പഴം- പച്ചക്കറികൾ, ഹോർട്ടികോർപ് പച്ചക്കറികൾ 30 ശതമാനം വിലക്കുറവിൽ, കതിർമണി നാടൻ കുത്തരി, കേരള ഗ്രോ ഉൽപ്പന്നങ്ങൾ,  ചെറുതേൻ, വലിയ തേൻ, ഇഞ്ചി, ചേന, ചെറുചേമ്പ്, കാച്ചിൽ, കറി നാരങ്ങ, നാളികേരം, കശുവണ്ടി പരിപ്പ്, ചക്ക, കൂൺ, ശർക്കര, പശുവിൻ നെയ്യ്, കാർഷിക മൂല്യ വർദ്ധിത ഉത്പന്നങ്ങൾ, മഞ്ഞൾ പൊടി, കൂവപ്പൊടി,  ഉമ്മന്നൂർ പഞ്ചായത്തിൻ്റെ തനത് വിളയായ ഉമ്മംവെള്ള മരച്ചീനി തുടങ്ങിയ എല്ലാ കാർഷിക വിഭവങ്ങളും കർഷകചന്തയിൽ ലഭ്യമാണ്. കർഷകരിൽ നിന്ന് വിപണി വിലയേക്കാൾ 10 ശതമാനം വില കൂടുതൽ നൽകി ഉത്‌പന്നങ്ങൾ സംഭരിച്ച് സബിസിഡി നിരക്കിലാണ് വിപണനം.

ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ ചെല്ലപ്പൻ അധ്യക്ഷയായി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് കുമാർ ആദ്യ വിൽപ്പന നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബ്രിജേഷ് എബ്രഹാം, സ്ഥിരംസമിതി അധ്യക്ഷർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date