കുമ്മിള്‍ കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു പ്രതിവര്‍ഷം 1600 കോടി രൂപ സൗജന്യചികിത്സയ്ക്കായി ചെലവഴിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് പ്രതിവര്‍ഷം 1600 കോടിരൂപ ആരോഗ്യവകുപ്പ് സൗജന്യ ചികിത്സയ്ക്കായി ചെലവഴിക്കുന്നുവെന്ന് ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുമ്മിള്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രി മുഖേന ആറര ലക്ഷം പേര്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കി. 10,000 കോടി രൂപ ജില്ലാ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിച്ചു.
അര്‍ബുദചികിത്സ ജില്ലാതലത്തില്‍ ഏര്‍പ്പെടുത്തി. 45 ലക്ഷം രൂപ ചെലവ് വരുന്ന കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ, ഹൃദയശസ്ത്രക്രിയ, ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയവ സൗജന്യമായും മിതമായനിരക്കിലും നടത്തിവരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ.പി രജിസ്‌ട്രേഷനുകള്‍ 13 കോടിരൂപയ്ക്കുള്ളതായി. കുമ്മിള്‍ കുടുംബ ആരോഗ്യകേന്ദ്രത്തില്‍ മൂന്ന് ഡോക്ടര്‍മാരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.
മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അധ്യക്ഷയായി. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ദേവ്കിരണ്‍ പദ്ധതി അവതരിപ്പിച്ചു. കുമ്മിള്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീക്ക് ലഭിച്ച ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റും ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് കാര്‍ഡും വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്തിന്റെ വികസനഫണ്ടില്‍നിന്നും 14,25000 രൂപയും പൊതുജനങ്ങളില്‍നിന്ന് സമാഹരിച്ച 37,96000 രൂപയും എന്‍.എച്ച്.എം ഫണ്ടില്‍ നിന്നും 1.43 കോടി രൂപയും ചെലവഴിച്ചാണ് കുമ്മിള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയത്. കണ്‍സള്‍ട്ടേഷന്‍ റൂം, നഴ്‌സിങ് മുറി, ഫാര്‍മസി, നിരീക്ഷണ മുറി, വിശാലമായ കാത്തിരുപ്പ് സൗകര്യം ഉള്‍പ്പടെയാണ് സജ്ജമാക്കിയത്. എം.എല്‍.എ ഫണ്ടില്‍നിന്നും ഒരു കോടി രൂപ വിനിയോഗിച്ച് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ രണ്ടാംനില നിര്‍മാണവും ആരംഭിക്കും.
കുമ്മിള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കൃഷ്ണപിള്ള, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍, കുമ്മിള്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍.ബീന, എന്‍.ആര്‍.ഇ.ജി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എസ്.രാജേന്ദ്രന്‍, കിംസാറ്റ് ചെയര്‍മാന്‍ എസ്.വിക്രമന്‍, കാംകോ ഡയറക്ടര്‍ എസ്.ബുഹാരി, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചുമതലയുള്ള ഡോ. എം.എസ് അനു, മെഡിക്കല്‍ ഓഫീസര്‍ ഡോ.രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments