പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പുതിയ പദ്ധതികള്‍ മെഡിക്കല്‍ വിദ്യാഭ്യാസമേഖലയില്‍ ഒട്ടേറെ അവസരങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസമേഖലയില്‍ മികവിന്റെ അടയാളപ്പെടുത്തലാണ് ഇപ്പോഴുള്ളതെന്ന് ആരോഗ്യ-വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഏറെ അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. 2022ല്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നഴ്‌സിങ് കോളജ് തുടങ്ങി. 2024ല്‍ 49 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു. 34 പി.ജി സീറ്റുകള്‍ അനുവദിക്കുന്നതിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ബി.എസ്.സി നഴ്‌സിങ് സീറ്റുകള്‍ 1200ലേക്ക് ഉയര്‍ത്തി. 80 പി.ജി സീറ്റുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിച്ചു. മെഡിക്കല്‍ കോളജുകളില്‍ വിവിധ വിഭാഗങ്ങള്‍, ഫെലോഷിപ്പ് തുടങ്ങിയവ കൊണ്ടുവന്നു. ദേശീയ റാങ്കിങില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഇടംപിടിച്ചതായും മന്ത്രി പറഞ്ഞു.
30 വയസ്സിനുമുകളില്‍ പ്രായമുള്ളവരില്‍ ജീവിതശൈലി രോഗങ്ങളുടെ പരിശോധനനടത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആപ്പ് വികസിപ്പിച്ച് ആശപ്രവര്‍ത്തകര്‍ മുഖേന സര്‍വേനടത്തി കൃത്യമായ ചികിത്സ എത്തിക്കാന്‍വേണ്ട സംവിധാനവും ഒരുക്കി. ആരോഗ്യമേഖലയില്‍ 10,000 കോടി രൂപയുടെ വികസനം നടപ്പാക്കി. ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ് സംവിധാനം സജ്ജമാക്കി. 116 ആരോഗ്യസ്ഥാപനങ്ങളില്‍ ഡയാലിസിസ് സംവിധാനവും കൊണ്ടുവന്നു. ആര്‍ദ്രം പദ്ധതി മുഖേന താലൂക്കാശുപത്രി മുതല്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ നടത്തുന്നു-മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗൈനക് ബ്ലോക്കും ലക്ഷ്യ ലേബര്‍ റൂമും എച്ച്.ഡി.എസ് പേ വാര്‍ഡ്, എച്ച്.ഡി.എസ്. പേയിങ് ഫാര്‍മസി, ജെറിയാട്രിക് ഒ.പി, വയോജന ക്ലിനിക്, ഡിജിറ്റല്‍ ഫ്ളൂറോസ്‌കോപ്പി, ഫുള്ളി ഓട്ടോമെറ്റഡ് ക്ലിനിക്കല്‍ കെമിസ്ട്രി അനലൈസര്‍, ബോധിക അക്കാഡമിക് പാര്‍ക്ക് ആന്‍ഡ് പബ്ലിക് ലൈബ്രറി, സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍, ചിറക് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് ആസ്‌ട്രോ ടര്‍ഫ് തുടങ്ങി നാല് കോടിയിലധികം രൂപയുടെ പദ്ധതികളാണ് നാടിനു സമര്‍പ്പിച്ചത്.
ജി.എസ്. ജയലാല്‍ എം.എല്‍.എ അധ്യക്ഷനായി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി വിശ്വനാഥന്‍ പദ്ധതി അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍, എച്ച് ആന്‍ഡ് എഫ്.ഡബ്ല്യു.ഡി അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീകുമാര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ്കിരണ്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. സി.വി രാജേന്ദ്രന്‍, സര്‍ക്കാര്‍ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.എല്‍ സിന്ധു, ആശുപത്രി വികസനസമിതി അംഗങ്ങളായ വി.രഘുനാഥന്‍, ജെ.സി.അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments