പദ്ധതി നടത്തിപ്പില്‍ ഇടമലക്കുടിക്ക് പ്രത്യേക പരിഗണന നല്‍കണം: ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ജില്ലാ വികസന സമിതി യോഗം ചേർന്നു
സംസ്ഥാനത്തെ ഏകഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ പദ്ധതി നടപ്പാക്കുന്നതില്‍ വകുപ്പുകള്‍ പ്രത്യേക പരഗണന നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട്. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടമലക്കുടിയിലേക്കുള്ള കോണ്‍ക്രീറ്റ് റോഡിന്റെ അവശേഷിക്കുന്ന ഭാഗം കൂടി അടിയന്തര പ്രാധാന്യം നല്‍കി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് റോഡ് വിഭാഗത്തിന് നിര്‍ദേശം നല്‍കി. ഇടമലക്കുടി ഗ്രാമ പഞ്ചായത്തില്‍ ടൈലറിംഗ് പരിശീലനത്തിന് വിവര ശേഖരണം നടത്തി.
തയ്യല്‍ പരിശീലന പദ്ധതി നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്ന് വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സമിതിയെ അറിയിച്ചു. വര്‍ക്ഷോപ്പ് സാങ്കേതിക പരിശീലനം ഉള്‍പ്പെടെ വിവിധ പരിശീലന പരിപാടികള്‍ നടത്തുന്നതിനുള്ള സാധ്യതകളും വകുപ്പ് പരിശോധിക്കുകയാണെന്നും വ്യവസായ വകുപ്പ് സമിതിയെ അറിയിച്ചു. ഇടമല കുടിയില്‍ കുടുംബശ്രീയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനുള്ള നടപടി സ്വീകരിക്കാനും കളക്ടര്‍ കുടുംബശ്രീക്ക് നിര്‍ദേശം നല്‍കി. ഇടമലക്കുടിയില്‍ വൈദ്യുതി കേബിളിന്റെ ഇലക്ട്രിക്കല്‍ തകരാറ് മഴ മാറിയാല്‍ ഉടന്‍ പരിഹരിക്കുമെന്നും മഴ തുടരുന്ന സാഹചര്യത്തില്‍ കേബിള്‍ ജോയിന്റ് ചെയ്യുന്നത് സാങ്കേതിക തകരാറുകള്‍ക്ക് കാരണമാകുമെന്നും കെഎസ്ഇബി യോഗത്തില്‍ അറിയിച്ചു.
വട്ടവടയില്‍ നിന്നും മൂന്നാര്‍ എത്തുന്ന ചിലന്തിയാര്‍- സ്വാമിയാറളക്കുടി റോഡ് നിര്‍മ്മാണത്തിന് പിഎംജിഎസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരത്തിനായി തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സമിതിയെ അറിയിച്ചു.
ദേശീയപാത 85 ല്‍ വാളറ - നേര്യമംഗലം സ്ട്രക്ചറില്‍ 259 മരങ്ങള്‍ മുറിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും യൂസര്‍ ഏജന്‍സി ഇത് മുറിച്ച് നീക്കിയതായും, അപകട ഭീക്ഷണിയായ നിന്നിരുന്ന 682 മരങ്ങളില്‍ 303 മരങ്ങള്‍ മുറിച്ച് നീക്കിയതായും മൂന്നാര്‍ ഡി.എഫ്.ഒ സമിതിയെ അറിയിച്ചു.
സ്വച്ഛ് സര്‍വേക്ഷന്‍ പദ്ധതിയില്‍ ദേശീയ തലത്തില്‍ മികച്ച ശുചിത്വ നഗരസഭകളില്‍ ഉള്‍പ്പെട്ട കട്ടപ്പന നഗരസഭയെയും തൊടുപുഴ നഗരസഭയെയും ജില്ലാ വികസന സമിതിയില്‍ അനുമോദിച്ചു. പുരസ്‌കാരങ്ങളും കൈമാറി. അന്തരിച്ച പീരുമേട് എംഎല്‍എ വാഴൂര്‍ സോമന് അനുശോചനം രേഖപ്പെടുത്തിയാണ് ജില്ലാ വികസന സമിതി ആരംഭിച്ചത്.
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപാ ചന്ദ്രന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ ജില്ലാ വികസന സമിതിയില്‍ പങ്കെടുത്തു.
ചിത്രം: ജില്ലാ വികസന സമിതിയില്‍ അധ്യക്ഷത വഹിച്ച് ജില്ലാ കളക്ടര്‍ സംസാരിക്കുന്നു.
Video https://www.transfernow.net/dl/20250830U0hiqIG8
- Log in to post comments