Skip to main content

മാലിന്യമുക്തം നവകേരളം: ശുചിത്വ മിഷന്റെ പൂക്കളം മത്സരം

സമത്വം, ഐക്യം, പ്രകൃതിയോടുള്ള സമന്വയം എന്നിവയുടെ ആഘോഷമായ ഓണത്തിന്റെ ഈ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട ക്രിയാത്മക ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ശുചിത്വ മിഷന്‍ 'ശുചിത്വ പൂക്കളം 2025' മത്സരം സംഘടിപ്പിക്കുന്നു. 'മാലിന്യമുക്തം നവകേരളം' എന്നതാണ് പ്രധാന വിഷയം. മാലിന്യ സംസ്‌കരണം, തരംതിരിക്കല്‍, മിലിന്യങ്ങളുടെ അളവു കുറയ്ക്കല്‍, പാഴ്‌വസ്തുക്കളുടെ പുനരുപയോഗം, പുന:ചംക്രമണം, ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനം, ദേശീയ ശുചിത്വ സര്‍വേയിലെ കേരളത്തിന്റെ നേട്ടങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ പൂക്കളത്തിലൂടെ അവതരിപ്പിക്കണം.ജില്ലാതലത്തിലെ ഒന്നാം സ്ഥാനക്കാര്‍ക്ക് ജില്ലാ മിഷന്‍ 10,000 രൂപ വീതം സമ്മാനം നല്‍കും.സംസ്ഥാനതല വിജയിക്ക് സംസ്ഥാന ശുചിത്വ മിഷന്‍ 25,000 ക്യാഷ് പ്രൈസ് സമ്മാനിക്കും.

പൂക്കളം എങ്ങനെയായിരിക്കണം?

പരിസ്ഥിതി സൗഹൃദമായിരിക്കണം പൂക്കളം. പൂക്കളും ഇലകളും പോലുള്ള പ്രകൃതിദത്ത വസ്തുക്കള്‍ മാത്രം പൂക്കളം ഇടുന്നതിന്  ഉപയോഗിക്കണം. പ്ലാസ്റ്റിക്, രാസവസ്തുക്കള്‍, കൃത്രിമ അലങ്കാരങ്ങള്‍ എന്നിവ ഒഴിവാക്കണം. പൂക്കളത്തിലെ ഓരോ ഭാഗവും വൃത്തിയും വെടിപ്പും അച്ചടക്കവും പ്രതിഫലിക്കണം. വൃത്തിയില്‍ നിന്നാണ് സൗന്ദര്യം ഉണ്ടാകുന്നത് എന്ന് പൂക്കളം കാണുമ്പോള്‍ തോന്നണം.

മാര്‍ഗനിര്‍ദേശങ്ങള്‍

മത്സരാര്‍ഥികള്‍ ശുചിത്വ മിഷന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ ( എഫ്.ബി., ഇന്‍സ്റ്റാഗ്രാം) ഫോളോ ചെയ്തിരിക്കണം. ഒരു വ്യക്തിക്ക്/ഗ്രൂപ്പിന് ഒരു എന്‍ട്രി മാത്രമേ അയയ്ക്കാന്‍ സാധിക്കൂ. പൂക്കളത്തിന്റെ ഫോട്ടോ ഡോക്യുമെന്റായി അയയ്ക്കണം. പൂക്കളം 'മാലിന്യമുക്ത കേരളം' എന്ന ആശയം വ്യക്തമായി പ്രതിനിധീകരിക്കണം. വൈകി ലഭിക്കുന്ന എന്‍ട്രികള്‍ പരിഗണിക്കില്ല. ജില്ലാതലത്തില്‍, ജില്ലാ ശുചിത്വ മിഷന്‍ നിയോഗിക്കുന്ന മൂന്നംഗ ജഡ്ജിങ് സമിതിയായിരിക്കും എന്‍ട്രികള്‍ വിലയിരുത്തുക. സംസ്ഥാനതലത്തില്‍, സംസ്ഥാന ശുചിത്വ മിഷന്‍ നിയോഗിക്കുന്ന മൂന്നംഗ ജഡ്ജിങ് കമ്മിറ്റി എന്‍ട്രികള്‍ വിലയിരുത്തും. ജഡ്ജിങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.

എങ്ങനെ പങ്കെടുക്കാം?

പൂക്കളം ഇട്ടതിന് ശേഷം പൂക്കളത്തിന്റെ വ്യക്തമായ ഒരു ഫോട്ടോയും, പൂക്കളത്തോടൊപ്പം നിര്‍മ്മിച്ചവരുടെ ഒരു ഫോട്ടോയും എടുക്കുക.നിങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യുക. നിങ്ങളുടെ ജില്ലാ ശുചിത്വ മിഷന്റെ ഫേ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകള്‍ ടാഗ് ചെയ്യുക. #suchitwapookkalam #Harithaonam #Suchitwarmission എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിക്കുക. തുടര്‍ന്ന്, ജില്ലയും, പങ്കെടുത്ത വ്യക്തിയുടെ/ഗ്രൂപ്പിന്റെ വിലാസവും രേഖപ്പെടുത്തി ചിത്രങ്ങള്‍ onampookalam 2025@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. കായിക-കലാ ക്ലബ്ബുകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, ഹരിതകര്‍മസേന കണ്‍സോര്‍ഷ്യം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഗ്രൂപ്പുകളായി പങ്കെടുക്കാം. എന്‍ട്രികള്‍ അയയ്‌ക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 7.

--

date