Skip to main content

പച്ചപ്പ് പടരും, മാലിന്യം പമ്പകടക്കും; പഴശ്ശി ഇറിഗേഷന്‍ കനാല്‍ സൈറ്റില്‍ പച്ചത്തുരുത്ത് ഒരുങ്ങുന്നു

ഹരിത കേരളം മിഷന്റെയും കൃഷ്ണമേനോന്‍ ഗവ. വനിതാ കോളേജ് 19, 22 എന്‍ എസ് എസ് യൂണിറ്റിന്റെയും എടച്ചേരി സൗത്ത് റസിഡന്‍സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ എടച്ചേരി പഴശ്ശി ഇറിഗേഷന്‍ കനാല്‍ സൈറ്റില്‍ പച്ചത്തുരുത്ത് ഒരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ടി ചന്ദ്രമോഹനന്‍ ഉദ്ഘാടനം ചെയ്തു. എന്‍ എസ് എസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. കെ.പി നിധീഷ് അധ്യക്ഷനായി. പ്രദേശത്തെ മാലിന്യങ്ങള്‍ ശേഖരിച്ച് നീക്കം ചെയ്ത് വൃക്ഷതൈകള്‍ നട്ടുവളര്‍ത്തുകയാണ് പദ്ധതി. മുട്ടിപ്പഴം, വെസ്റ്റേണ്‍ ചെറി, സ്റ്റാര്‍ ആപ്പിള്‍, പ്ലാവ്, തായ്ലന്റ് പേര, നാരകം, മാവ്, ചാമ്പ തുടങ്ങിയ ഫലവൃക്ഷ തൈകളാണ് ഇവിടെ നട്ടുവളര്‍ത്തുക. സ്ഥലത്ത് മാലിന്യം തള്ളുന്നത് തടയാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പച്ചത്തുരുത്ത് നിര്‍മാണത്തിനുശേഷം സ്ഥലത്ത് ഓപ്പണ്‍ ലൈബ്രറിയോടു കൂടിയ പാര്‍ക്ക് നിര്‍മിച്ച് സി സി ടി വികള്‍ സ്ഥാപിക്കും. പ്രവര്‍ത്തനത്തിന്റെ നടീല്‍ ഉദ്ഘാടനം സെപ്റ്റംബര്‍ മൂന്നിന് കണ്ണൂര്‍ യൂണിവേഴ്സിറ്റി ഡി എസ് എസ് ഡോ. കെ.വി സുജിത്ത് നിര്‍വഹിക്കും. ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, ഫെറാ ജില്ലാ സെക്രട്ടറി കെ.പി മുരളി കൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ വി.പി ശ്രീകല, ഹരിത കേരളം മിഷന്‍ ബ്ലോക്ക് ആര്‍ പി ശ്രീരാഗ് രമേശ്, എടച്ചേരി സൗത്ത് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രസന്നന്‍, സെക്രട്ടറി സുമ, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

date