Skip to main content

കായൽ പരപ്പിൽ ആവേശമായി അയ്യങ്കാളി ജലോത്സവം

നവോത്ഥാന നായകനായ മഹാത്മാ അയ്യങ്കാളിയുടെ സ്മരണയ്ക്കായി വെള്ളായണി കായലിൽ സംഘടിപ്പിച്ച 48ാം ജലോത്സവം വള്ളംകളി പ്രേമികളെ ആവേശത്തിലാഴ്ത്തി. ഓണം വാരാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച  മത്സരം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. 

ആവേശകരമായ മത്സരത്തിൽ കാക്കാമൂല ബ്രദേഴ്സ് ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്ത്  എവർറോളിംഗ്  ട്രോഫിയും അറുപതിനായിരം രൂപയും സ്വന്തമാക്കി. നടുഭാഗം ചുണ്ടൻ രണ്ടാമതും ബിബിസി പുന്നവിള മൂന്നാമതും ഫിനിഷ് ചെയ്തു. 

രണ്ടാം തരം വള്ളങ്ങളിൽ ബ്ലൂ ബേർഡ്സ് ഒന്നാമതും
കാക്കാമൂല ബ്രദേഴ്സ് ചുണ്ടൻ രണ്ടാമതും വടക്കേക്കര ചുണ്ടൻ മൂന്നാമതും ഫിനിഷ് ചെയ്തു. 

മൂന്നാം തരം വള്ളങ്ങളുടെ മത്സരത്തിൽ പടക്കുതിര ഒന്നാമതും  കാക്കാമൂല കിളിച്ചുണ്ടൻ രണ്ടാമതും,  കാക്കാമൂല ചുണ്ടൻ മൂന്നാമതും എത്തി.

വനിതകളുടെ വിഭാഗത്തിൽ ഊക്കോട് ചുണ്ടൻ ഒന്നാമതും, കഞ്ഞിരംപാറ ചുണ്ടൻ രണ്ടാമതും, വിന്നേഴ്‌സ് ചുണ്ടൻ മൂന്നാമതും എത്തി. ഒന്നാം തരം രണ്ടാം തരം മൂന്നാം തരം എന്നിങ്ങനെ 3 വിഭാഗങ്ങളിലായി 14 വള്ളങ്ങളും വനിതകളുടെ മൂന്ന് വള്ളങ്ങളുമാണ് മത്സരത്തിനുണ്ടായിരുന്നത്.

 എം.വിൻസെന്റ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ്കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. കെ.ശ്രീജ, കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സോമശേഖരൻ നായർ, മാറനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.സുരേഷ്കുമാർ, ബാലരാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് വി.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

date