Skip to main content
..

ഗ്രന്ഥശാലകൾ ഒത്തുകൂടലിന്റെ വേദികളാകണം: മന്ത്രി കെ എൻ ബാലഗോപാൽ

 

സാങ്കേതികവിദ്യ വ്യക്തികളെ ഫോണുകളിലേക്ക് ചുരുക്കുന്ന കാലത്ത് ആളുകൾക്ക് ഒത്തുകൂടാൻ അവസരമൊരുക്കുന്ന വേദികളാകണം ഗ്രന്ഥശാലകളെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നടമേൽ, ചൊവ്വള്ളൂരിലെ നവജീവൻ ഗ്രന്ഥശാല, എഴുകോണിലെ വിവേകദായിനി ലൈബ്രറി ആൻഡ് റീഡിംഗ് റൂം എന്നിവിടങ്ങളിലെ ഓണാഘോഷ- വാർഷിക പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വായനയിലൂടെ നേടിയ അറിവ് മനുഷ്യ നന്മയ്ക്കും പുരോഗതിക്കും ഉപയോഗപ്പെടുത്തണം. സാങ്കേതികവിദ്യ അർഥവത്തായി ഉപയോഗിക്കാൻ അറിവും, വിവേകവും ആവശ്യമാണ്.  ഓണക്കാലത്ത് അവശ്യ, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ, സിവിൽ സപ്ലൈസ്, കൺസ്യൂമർഫെഡ് എന്നിവയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 1800 വിൽപ്പന കേന്ദ്രങ്ങൾ ഒരുക്കി. വെളിച്ചെണ്ണയുടെ ഗുണനിലവാരം ഉറപ്പാക്കി  ശുദ്ധമായ വെളിച്ചെണ്ണയും വിതരണം ചെയ്തു.

ഓണക്കാലത്ത് വിവിധ മേഖലകളിലായി 20,000 കോടി രൂപ വിതരണം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികൾ, ക്ഷേമപെൻഷൻ ഗുണഭോക്താക്കൾ എന്നിവർക്ക് പണം അനുവദിച്ചു. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയുടെ ഒരു ഗഡു കൂടി അനുവദിച്ചു. സംസ്ഥാനത്ത് ആരോഗ്യ- വിദ്യാഭ്യാസ- അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റം നടത്താനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയവർക്കുള്ള ഉപഹാരം, വിദ്യാഭ്യാസ അവാർഡ് എന്നിവയുടെ വിതരണ ഉദ്‌ഘാടനവും മന്ത്രി നിർവഹിച്ചു. ചടങ്ങുകളിൽ നവജീവൻ ഗ്രന്ഥശാലയുടെ പ്രസിഡന്റ്‌ കെ എ അനിതയും, വിവേകദായിനി ഗ്രന്ഥശാലയുടെ പ്രസിഡന്റ്‌ സി ആർ സുനിൽ ബാബുവും അധ്യക്ഷരായി.  കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റും എഴുത്തുകാരിയുമായ ബീന സജീവ്, ഗ്രന്ഥശാല ഭാരവാഹികൾ, 
താലൂക്ക്- പഞ്ചായത്ത്‌തല ലൈബ്രറി കൗൺസിൽ അംഗങ്ങൾ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

date