Skip to main content

നിര്‍ണയ സാമ്പിള്‍ ട്രാന്‍സ്പോര്‍ട്ടുമായി സഹകരിച്ച് തപാല്‍ വകുപ്പ്

ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെട്ട 'നിര്‍ണയ ' സാമ്പിള്‍ ട്രാന്‍സ്പോര്‍ട്ടില്‍ പങ്കാളിയായി തപാല്‍ വകുപ്പും. ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും പ്രാഥമിക ആരോഗ്യ കേന്ദ്രവും സ്‌പോക്കുകളായി ലബോറട്ടറി സാമ്പിള്‍ ശേഖരിച്ച് താലൂക്ക് ആശുപത്രി മുതല്‍ ബ്ലോക്ക്/ ജില്ലാ പൊതുജനാരോഗ്യ ലാബില്‍ എത്തിച്ച് ഇ -ഹെല്‍ത്ത് സംവിധാനത്തിലൂടെ പരിശോധന ഫലം ലഭ്യമാക്കുന്നതാണ് നിര്‍ണയ പദ്ധതി. ഇ -ഹെല്‍ത്ത് ഐഡി ഉപയോഗിച്ച് സാമ്പിള്‍ അയക്കുന്നതിലൂടെ എസ്എംഎസായി പരിശോധനാ ഫലം ലഭിക്കും. തപാല്‍ വകുപ്പിന്റെ പങ്കാളിത്തത്തോടെ ആഴ്ചയില്‍ അഞ്ച് ദിവസം വരെ സാമ്പിളുകള്‍ അയക്കാന്‍ സാധിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി അറിയിച്ചു.
ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് പത്തനംതിട്ട/ തിരുവല്ല ഡിവിഷന്‍ പോസ്റ്റല്‍ മേധാവിമാരായ എസ്.വി ആശ, ബിന്ദു എന്നിവര്‍ അറിയിച്ചു. ജില്ലയില്‍ തപാല്‍ വകുപ്പു തലത്തിലെ ആദ്യ സാമ്പിള്‍ കൈമാറ്റം കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ചു. ആദ്യ സാമ്പിള്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. മഞ്ജു പോസ്റ്റ് വുമണ്‍ കൃഷ്ണപ്രിയയ്ക്ക് കൈമാറി. ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അബിന്‍, ലാബ് ടെക്‌നിഷ്യന്‍ ഫര്‍ഹത്ത് എന്നിവര്‍ പങ്കെടുത്തു.

date