അങ്കണവാടി കുഞ്ഞുങ്ങൾക്ക് പരിഷ്കരിച്ച മെനു: പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു
അന്നമനട ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുഞ്ഞുങ്ങളുടെ ആരോഗ്യവും പോഷകാഹാരവും ശക്തിപ്പെടുത്താൻ വനിത ശിശു വികസന വകുപ്പ് നടപ്പിലാക്കിയ പരിഷ്കരിച്ച മെനുവിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം മേലടൂർ 110-ാം നമ്പർ അങ്കണവാടിയിൽ നടന്നു. കുട്ടികൾക്ക് എഗ് ബിരിയാണി വിളമ്പി കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് ഉദ്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡന്റ് സിന്ധുജയൻ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പോഷകാഹാര വിതരണം ഉറപ്പാക്കാൻ വർഷംതോറും 18 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ജില്ലാ പഞ്ചായത്ത്, സംസ്ഥാന-കേന്ദ്ര വിഹിതങ്ങളും ഇതിനോടൊപ്പം ലഭിക്കുന്നുണ്ട്.
പരിഷ്കരിച്ച മെനുവിൽ ഉൾപ്പെടുത്തിയ 22-ലധികം വിഭവങ്ങൾ അങ്കണവാടി പ്രവർത്തകർ തയ്യാറാക്കി പ്രദർശിപ്പിച്ചു. പുലാവ്, എഗ് ബിരിയാണി, റാഗി അട, നുറുക്ക് തുടങ്ങിയ വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സതീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സതീശൻ, പഞ്ചായത്തംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.
- Log in to post comments