വികസന സദസുകള്‍ സെപ്തംബര്‍ 20 മുതല്‍ സര്‍വതലസ്പര്‍ശിയായ ചര്‍ച്ചകള്‍ക്ക് വേദിയാകും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
നാളിതുവരെയുള്ള സംസ്ഥാനസര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ജനസമക്ഷം അവതരിപ്പിച്ച് ഭാവിവികസനപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് സെപ്തംബര്‍ 20ന് ജില്ലയില്‍ തുടക്കമാകുമെന്ന് സംഘാടകസമിതി ചെയര്‍പേഴ്ണായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി. കെ. ഗോപന്‍. കോ ചെയര്‍പേഴ്‌സണായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസിന്റെ സാന്നിധ്യത്തില്‍ ചേമ്പറില്‍ചേര്‍ന്ന യോഗത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ സാന്നിധ്യംഉറപ്പാക്കി സര്‍വതലസ്പര്‍ശിയായ വിശകലനങ്ങളാകും സദസുകളിലുണ്ടാകുക എന്നും വ്യക്തമാക്കി. തദ്ദേശസ്വയംഭരണസ്ഥാപന മേധാവികളുടെയും ജനപ്രതിനിധികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗം 15ന് ഉച്ചയ്ക്ക് 2.30ന് ജില്ലാ പഞ്ചായത്തില്‍ ചേരുന്നതിനും തീരുമാനിച്ചു.
വികസന സദസുകളുടെഭാഗമായി ഭൂമി ദാനം ചെയ്തവരുള്‍പ്പടെ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ ആദരിക്കും. പ്രവര്‍ത്തനങ്ങളുടെസാക്ഷ്യമായി ഫോട്ടോപ്രദര്‍ശനം, കെ-സ്മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനം, മിനി എക്‌സിബിഷന്‍ തുടങ്ങിയവയും സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പരിപാടികളുടെ കണ്‍വീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബി. അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments