Skip to main content

ഓണം സമാപനഘോഷയാത്ര കൺനിറയെ കണ്ട് ശിശുക്ഷേമ സമിതിയിലെ കുട്ടികൾ

ഒരാഴ്ചക്കാലം കനകക്കുന്നിൽ ഉത്സവലഹരി തീർത്ത ഓണം വാരാഘോഷത്തിന് പ്രൗഢഗംഭീരമായ ഘോഷയാത്രയോടെ  സമാപനം. കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിന്റെ  പശ്ചാത്തലത്തിൽ ഓണാഘോഷമില്ലാതിരുന്നതിന്റെ സങ്കടം  ഇത്തവണ ഘോഷയാത്ര കൺ നിറയെ കണ്ടു തീർക്കാൻ എത്തിയതാണ് തൈക്കാട് ശിശുക്ഷേമ സമിതിയിലെ അനുഗ്രഹയും അനുപമയും നന്ദനയും ദേവനന്ദയും. മൂന്ന് വയസ്സ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള നൂറോളം കുട്ടികളും 35 അമ്മമാരുമാണ് പാളയം പള്ളിക്ക് സമീപമൊരുക്കിയ പവലിയനിൽ ഓണം സമാപനഘോഷയാത്ര കാണാൻ എത്തിയത്.

അശ്വാരൂഢ സേനയും തെയ്യവും അർജുനനൃത്തവും കുട്ടികളിൽ ആവേശമൊരുക്കി. ദീപാലങ്കാരങ്ങൾക്കൊപ്പം വൈവിധ്യമാർന്ന കലാരൂപങ്ങളും ഫ്ലോട്ടുകളും കുട്ടികളിൽ ആവേശവും ആഹ്ലാദവും തീർത്തപ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ വിദേശ വിനോദസഞ്ചാരികൾക്ക് ഘോഷയാത്ര പുത്തൻ അനുഭവമായിരുന്നു.

സെൻട്രൽ ലൈബ്രറിയ്ക്ക് മുൻ വശത്തായി ഒരുക്കിയ പവലിയനിലാണ് വിദേശ വിനോദസഞ്ചാരികൾക്കും സർക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ അതിഥികൾക്കും ഇരിപ്പിടമൊരുക്കിയത്.ആയിരത്തിൽപ്പരം കലാകാരൻമാരും അമ്പത്തിയൊൻപത് ഫ്ലോട്ടുകളും 91 കലാരൂപങ്ങളുമായി അണി നിരന്ന ഘോഷയാത്ര തലസ്ഥാനനഗരിയിൽ കാഴ്ച വസന്തമൊരുക്കി.

date