കേരള അര്‍ബന്‍ കോണ്‍ക്ലേവില്‍ ഇന്ന് (13-09-2025) മേയര്‍മാരുടെ സമ്മേളനം* കോണ്‍ക്ലേവ് ഇന്ന് സമാപിക്കും
കേരള അര്‍ബന്‍ കോണ്‍ക്ലേവിന്റെ രണ്ടാം ദിവസമായ ഇന്ന് ഹൈലെവല്‍ പൊളിറ്റിക്കല്‍ ഫോറത്തില്‍ മേയര്‍മാരുടെ സമ്മേളനം നടക്കും. വേദി ഒന്നില്‍ രാവില ഒന്‍പതിനാരംഭിക്കുന്ന സമ്മേളനത്തില്‍ ദക്ഷിണാഫ്രിക്കയിലെ ഡര്ബന് മേയര്‍ സിറില്‍ സാബ, ശ്രീലങ്കയിലെ കൊളംബോ സിറ്റി മേയര്‍ വ്രൈ കാല്ലി ബല്‍ത്താസര്‍, മാലിദ്വീപ് മേയര്‍ ആദം അസിം, ബ്രസീലിയന്‍ അസോസിയേഷന് ഓഫ് മുനിസിപ്പാലിറ്റീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എഡ്വേഡോ ടഡ്യൂ എന്നിവര്‍ വിദേശ പ്രതിനിധികളായി പങ്കെടുക്കും. കൂടാതെ ഇന്ത്യയിലെ വിവിധ മുനിസിപ്പല്‍ കോര്പറേഷന് മേയര്‍മാരും കേരളത്തിലെ ആറു കോര്‍പറേഷനുകളുടെ മേയര്‍മാരും പങ്കെടുക്കും. മറ്റു വേദികളില്‍ പ്ലീനറി സെഷനുകളും ഫോക്കസ് സെഷനുകളും റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സുകളും നടക്കും
വൈകിട്ട് നാലിനാരംഭിക്കുന്ന സമാപനസമ്മേളനത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇന്ത്യ റെസിഡന്റ് കോഓര്‍ഡിനേറ്റര്‍ ഷോംബി ഷാര്‍പ്പ് മുഖ്യാതിഥിയാകും. സമാപന സമ്മേളനം വ്യവസായ-നിയമ-കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എം.ബി. രാജേഷ്, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, ജെ. ചിഞ്ചുറാണി, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്മാന് പ്രൊഫ. വി.കെ. രാമചന്ദ്രന് തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും. കോണ്‍ക്ലേവിലെ ചര്‍ച്ചകളുടെ സംക്ഷിപ്തരൂപം സമാപനസമ്മേളനത്തില്‍ അവതരിപ്പിക്കും. കോണ്‍ക്ലേവിന്റെ ഭാഗമായി മറൈന്‍ഡ്രൈവില്‍ നടക്കുന്ന പ്രദര്‍ശനം ഈ മാസം 15വരെ തുടരും.
- Log in to post comments