മനുഷ്യ - വന്യജീവി സംഘർഷം: ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും
ജില്ലാതല നിയന്ത്രണ സമിതി യോഗം ചേർന്നു
മനുഷ്യ - വന്യജീവി സംഘർഷം ഒഴിവാക്കാൻ നടപ്പിലാക്കുന്ന ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതികളിൽ കൃത്യമായ മേൽനോട്ടം ഉറപ്പാക്കും.
വിഷയവുമായി ബന്ധപ്പെട്ട്
വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന
ജില്ലാതല നിയന്ത്രണ സമിതി യോഗത്തിലാണ് തീരുമാനം.
ജില്ലയിൽ മലയാറ്റൂർ, കോതമംഗലം, മൂന്നാർ എന്നീ ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലായി ഇലക്ട്രിക് ഫെൻസിംഗ് ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഈ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ കൃത്യമായ മേൽനോട്ടം ആവശ്യമാണെന്ന് യോഗം നിരീക്ഷിച്ചു. ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട ഏജൻസികളുടെയും കരാറുകാരുടെയും സംയുക്ത യോഗം വിളിച്ച് പദ്ധതി പുരോഗതി വിലയിരുത്തും.
വന മേഖലയുമായി ചേർന്നു കിടക്കുന്ന റോഡുകളുടെ വശങ്ങളിലും നിലവിൽ ഇലക്ട്രിക് ഫെൻസിംഗ് സ്ഥാപിച്ചിട്ടുള്ള മേഖലകളിലും അടിക്കാടുകൾ വെട്ടേണ്ടത് അനിവാര്യമാണെന്ന് ജനപ്രതിനിധികൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പ്രവൃത്തി ചെയ്യുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കുന്നതിന് വനം, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പ്രത്യേക യോഗം ചേരും.
വനം വകുപ്പിന്റെ തീവ്ര യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിൽ പ്രാദേശിക ജനപ്രതിനിധികളെയും പൊതുജനങ്ങളെയും പരമാവധി ഉൾപ്പെടുത്തണം. പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന മേഖലകളിൽ എത്രയും വേഗം കൂടുകൾ സ്ഥാപിക്കാനുള്ള നടപടി വേണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു. താലൂക്ക് തലത്തിന് പുറമേ ബ്ലോക്ക് തലത്തിലും പാമ്പ് കടിക്കെതിരെയുള്ള ആന്റി വെനം ക്രമീകരിക്കാനും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ പ്രാദേശികമായി മരുന്ന് ലഭ്യമാക്കുന്ന കാര്യം പരിഗണിക്കണമെന്നും യോഗം നിർദേശിച്ചു.
ഓൺലൈനായി നടന്ന യോഗത്തിൽ എം.എൽ.എമാരായ റോജി എം. ജോൺ, ആന്റണി ജോൺ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments