Skip to main content

സാംസ്കാരിക നിലയങ്ങൾ ചർച്ചകളുടെ വേദിയാകണമെന്ന് സ്പീക്കർ എ.എൻ.ഷംസീർ

|നിലമാമൂടിൽ സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു|

സാംസ്കാരിക നിലയങ്ങൾ ചർച്ചകളുടെയും സമ്മേളനങ്ങളുടെയും വേദിയാകണമെന്നും സാംസ്കാരിക കേന്ദ്രങ്ങൾ കേരളത്തെയും ലോകത്തെയും ബാധിക്കുന്ന ഏത് വിഷയത്തെപ്പറ്റിയും ചർച്ച ചെയ്യുന്ന ഇടങ്ങളാകണമെന്നും സ്പീക്കർ എ.എൻ.ഷംസീർ. കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തിൽ എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച നിലമാമൂട് സാംസ്കാരിക നിലയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്പീക്കർ.

 ഗ്രാമപഞ്ചായത്തിന്റെ ഈ വർഷത്തെ വിവിധ ക്ഷേമപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി.സുരേഷ്കുമാർ നിർവഹിച്ചു.

റീഡിംഗ് റൂം, ലൈബ്രറി, സ്മാർട്ട് അങ്കണവാടി, നൂറ് പേർക്ക് ഇരിക്കാവുന്ന ഹാൾ എന്നിവ അടങ്ങിയതാണ് പുതിയ സാംസ്കാരിക നിലയം.

ഗുണനിലവാരത്തിൽ ദേശീയ അംഗീകാരം നേടിയെടുത്ത കോരണംകോട് സബ് സെൻ്റർ, കുന്നത്തുകാൽ കുടുംബ ആരോഗ്യ കേന്ദ്രം, കുന്നത്തുകാൽ ആയുർവേദ ആശുപത്രി എന്നിവയിലെ ആരോഗ്യ പ്രവർത്തകരെയും ഐഎസ്ഒ സർട്ടിഫിക്കറ്റ് നേടിയ കുന്നത്തുകാൽ കുടുംബശ്രീ സിഡിഎസിലെ അംഗങ്ങളെയും കുന്നത്തുകാൽ പഞ്ചായത്തിനെ ശുചിത്വ ഗ്രാമമാക്കുന്നതിന് പ്രയത്നിച്ച ഹരിത കർമ്മ സേന അംഗങ്ങളെയും നിർവഹണ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു.

 സി. കെ.ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആർ.അമ്പിളി, ജില്ലാ പഞ്ചായത്ത് അംഗം വി.എസ് ബിനു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജി.കുമാ, പെരുങ്കടവിള ബ്ലോക്ക് മെമ്പർ ടി. വിനോദ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

date