കൃത്യമായ ഇടവേളകളിൽ വകുപ്പുകൾ പദ്ധതി പുരോഗതി വിലയിരുത്തണം
കളമശ്ശേരി മണ്ഡലത്തിലെ പദ്ധതികൾ അവലോകനം ചെയ്തു
കളമശ്ശേരി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ അവലോകനം ചെയ്തു. കൃത്യമായ ഇടവേളകളിൽ അതത് വകുപ്പുകൾ തങ്ങളുടെ കീഴിൽ വരുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തണമെന്ന് യോഗം നിർദേശിച്ചു.
എം.എൽ.എ ആസ്തി വികസന ഫണ്ടും പ്രത്യേക വികസന ഫണ്ടും ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെയും മണ്ഡലത്തിലെ മറ്റ് പ്രധാന പ്രൊജക്ടുകളുടെയും തൽസ്ഥിതി യോഗം വിലയിരുത്തി.
കാലതാമസം നേരിടുന്ന പദ്ധതികൾ പരമാവധി വേഗത്തിൽ പൂർത്തീകരിക്കാൻ യോഗത്തിൽ സമയക്രമം നിശ്ചയിച്ചു. പ്രവൃത്തി ആരംഭിച്ച പദ്ധതികളുടെ പുരോഗതി ഉറപ്പാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൃത്യമായ ഇടവേളകളിൽ നേരിട്ട് സ്ഥലം സന്ദർശിക്കുകയും എത്ര ജോലിക്കാർ ഉണ്ടെന്ന് പരിശോധിക്കുകയും വേണം. നിലവിലെ കാലാവസ്ഥ നിർമ്മാണ പ്രവൃത്തികൾക്ക് അനുകൂലമാണ്. ഈ സാഹചര്യത്തെ പരമാവധി പ്രയോജനപ്പെടുത്തണം.
റോഡുകളിൽ കട്ട വിരിക്കുന്ന പ്രവൃത്തിയിലും നിർമ്മാണത്തിലും കുടുംബശ്രീ അംഗങ്ങൾക്ക് ആവശ്യമായ പരിശീലനം നൽകി അവരുടെ സേവനം ഉറപ്പാക്കാൻ കഴിയുമോ എന്നത് പരിശോധിക്കണമെന്നും അത് സാധ്യമായാൽ കുടുംബശ്രീ വനിതകൾക്ക് ഒരു വരുമാന മാർഗ്ഗം കൂടിയാകുമെന്ന് മന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടു. പദ്ധതികളിന്മേലുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും നീളുന്നതൊഴിവാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്നും യോഗം നിർദേശിച്ചു.
ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക, ബന്ധപ്പെട്ട വകുപ്പുകളെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments