എഴുപുന്നയിൽ വനിതകൾക്ക് നൈപുണ്യ പരിശീലന കേന്ദ്രമൊരുങ്ങുന്നു
ആധുനിക നൈപുണ്യ പരിശീലനം നൽകി വനിതകളെ പുതിയകാലത്തെ തൊഴില്‍മേഖലയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് എഴുപുന്നയിൽ വനിത നൈപുണ്യ പരിശീലന കേന്ദ്രം ഒരുങ്ങുന്നു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 37 ലക്ഷം രൂപ വിനിയോഗിച്ച് എഴുപുന്ന ശ്രീനാരായണപുരത്ത് ആരംഭിക്കുന്ന കേന്ദ്രത്തിൻ്റെ തറക്കല്ലിടൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മേരി ടെൽഷ്യ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിച്ചിരുന്ന 1950കളിൽ ആരംഭിച്ച മഹിളാ സമാജത്തിൻ്റെ സ്ഥലത്താണ് പരിശീലന കേന്ദ്രം ആരംഭിക്കുന്നത്.
ഇരുനിലകളിലായി നിർമ്മിക്കുന്ന കേന്ദ്രത്തിൽ താഴത്തെ നിലയിൽ മഹിളാ സമാജത്തിന്റെ സാംസ്കാരിക പ്രവർത്തങ്ങൾക്കുള്ള ഓഫീസും നൈപുണി പരിശീലന കേന്ദ്രത്തിൻ്റെ ഓഫീസും പ്രവർത്തിക്കും. മുകളിലത്തെ നിലകളിൽ പരിശീലന ക്ലാസുകൾ നടത്തും. അസാപ്, കെൽട്രോൺ എന്നീ സ്ഥാപനങ്ങളുടെ സർക്കാർ അംഗീകൃത കോഴ്സുകളാണ് നടത്തുക.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ ജീവൻ അധ്യക്ഷനായി. എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ പ്രദീപ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം ജയ പ്രതാപൻ, എഴുപുന്ന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡോ. ശ്രീലേഖ അശോക്, പി കെ മധുകുട്ടൻ, ബിന്ദു ഷാജി, സോജിമോൾ ജിനു, ഇ കെ പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments