Skip to main content
ഏറാട്ടുകുണ്ട് ഉന്നതിയിൽ നിന്നും മേപ്പാടി പ്രീ-മെട്രിക് ഹോസ്റ്റലിൽ പ്രവേശനം നേടിയ കുട്ടികൾ പ്രമോട്ടർമാരോടൊപ്പം👆

*ഏറാട്ടുകുണ്ടിലേക്ക് അക്ഷരവെളിച്ചം; ഉന്നതിയിലെ അഞ്ചു കുട്ടികള്‍ സ്‌കൂളിലേക്ക്*

മുഖ്യധാരാ സമൂഹവുമായി അകന്നു ജീവിക്കാൻ ആഗ്രഹിക്കുന്ന ഏറാട്ടുകുണ്ട് ഉന്നതിയിൽ നിന്ന് അക്ഷരവെളിച്ചം നേടാന്‍ തയ്യാറായി പുതിയ തലമുറയിലെ കുരുന്നുകള്‍. കാടിന്റെ വന്യത അമ്മയുടെ മടിത്തട്ടായും കാട്ടാറിന്റെ താരാട്ട് ജീവനായും ഉള്‍ക്കൊണ്ടു ജീവിക്കുന്ന പണിയ വിഭാഗത്തിലെ ആളുകളാണ് ഏറാട്ടുകുണ്ടില്‍ അധിവസിക്കുന്നത്. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നിലമ്പൂര്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന ചാലിയാര്‍ പുഴയോരത്തെ മലഞ്ചെരുവിലെ ഉന്നതിയിൽ താമസിക്കുന്ന, ഈ വിഭാഗത്തിൽ നിന്നുള്ള അപ്പു, കണ്ണന്‍, മണി, അപ്പു, അമ്മു എന്നിവരാണ് വിദ്യയുടെ മധുരം നുണയാൻ സ്കൂളിൽ പോയി തുടങ്ങിയത്. 

ചൂരല്‍മല ടൗണില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഉന്നതിയിലെ താമസക്കാർ വനത്തിലെ തേന്‍, പാട കിഴങ്ങ് എന്നിവ ശേഖരിച്ചാണ് ജീവിക്കുന്നത്. ആധുനിക ചികിത്സാ സൗകര്യങ്ങളോടും വിദ്യാഭ്യാസ രീതികളോടും ഏക്കാലത്തും മുഖം തിരിച്ച ഉന്നതിക്കാരെ പൊതുസമൂഹത്തിലേക്ക് എത്തിക്കാന്‍ ഏറെ നാളത്തെ ശ്രമകരമായ ഇടപെടലാണ് വേണ്ടിവന്നത്. പട്ടികജാതി - പട്ടികവര്‍ഗ - പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ജി പ്രമോദ്,     ട്രൈബല്‍ ഓഫീസര്‍, പ്രമോട്ടര്‍മാര്‍ എന്നിവരുടെ നിരന്തരമായ ഇടപെടലുകൾ ഒടുവിൽ വിജയം കാണുകയായിരുന്നു.

പട്ടികവര്‍ഗ വികസന വകുപ്പ്, മറ്റ് വിവിധ വകുപ്പുകള്‍, ജനപ്രതിനിധികള്‍, സംഘടനകള്‍ (ശ്രേയസ്), പ്രമോട്ടര്‍മാര്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ എന്നിവരെ  ഏകോപിപ്പിച്ച്  പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി. മക്കള്‍ക്ക് വിദ്യാഭ്യാസം ലഭിക്കേണ്ടത് അനിവാര്യമാണെന്ന  ചിന്തയിലേക്ക് നിരന്തര പരിശ്രമങ്ങളിലൂടെയാണ് ഉന്നതിയിലെ രക്ഷിതാക്കളെ എത്തിച്ചത്. രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിൽ വിടാൻ സമ്മതം അറിയിച്ചതോടെ ഉന്നതിയിലെ കൃഷ്ണന്‍ ശാന്ത ദമ്പതികളുടെ രണ്ട് മക്കളായ അപ്പുവും കണ്ണനും, രാജന്‍-ശാരദ ദമ്പതികളുടെ  മക്കളായ മണിയും അമ്മുവും, കറപ്പന്റെയും ബിന്ദുവിന്റെയും മകന്‍ അപ്പുവും ഇനി സ്‌കൂളിലെത്തും. 

സ്‌കൂളില്‍ ചേര്‍ക്കാനായി കുട്ടികൾക്ക് ഔദ്യോഗിക പേരിടല്‍ നടത്തിയതും വകുപ്പ് അധികൃതര്‍ തന്നെയാണ്. വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നതിയില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ കുട്ടികള്‍ക്ക് ബാഗ്, വസ്ത്രങ്ങള്‍ എന്നിവ ഓണസമ്മാനമായി നല്‍കി. സ്‌കൂളില്‍ പോകുന്നതിന് മുന്നോടിയായി അപ്പു, കണ്ണന്‍, മണി എന്നീ കുട്ടികളെ മേപ്പാടി പ്രീ-മെട്രിക്ക് ഹോസ്റ്റലിലേക്കും അമ്മുവിനെ സുല്‍ത്താന്‍ ബത്തേരിയിലെ തേജസ് കിന്റര്‍ ഗാര്‍ട്ടനിലേക്കും മാറ്റി. പുറംലോകവുമായി ഇതുവരെ  ഇടപെട്ടിട്ടില്ലാത്ത കുട്ടികള്‍ ഇപ്പോള്‍ ആളുകളെ കാണുമ്പോള്‍ ഇടപഴകാനും ഹോസ്റ്റലിലെ മറ്റു കുട്ടികളോടൊപ്പം കളിക്കാനും തുടങ്ങിയതായി കല്‍പ്പറ്റ ട്രൈബല്‍ എക്‌സ്റ്റന്‍ഷൻ ഓഫീസര്‍ രജനികാന്ത് പറഞ്ഞു. സ്റ്റുഡന്റ് കൗണ്‍സിലറുടെ സഹായത്തോടെ കുട്ടികൾ  പൊതുസമൂഹവുമായി കൂടുതൽ ഇടപഴകാനുള്ള സാധ്യതകള്‍ കണ്ടെത്തുകയാണ് വകുപ്പ്. വരും ദിവസങ്ങളില്‍  കുട്ടികളെ മേപ്പാടി ഗവ എല്‍പി സ്‌കൂളിലെ എല്‍കെജി ക്ലാസിൽ പ്രവേശിപ്പിക്കും.

date