25 സെൻ്റിൽ താഴെയുള്ള ഭൂമി തരംമാറ്റ അപേക്ഷകളിൽ ഈ വർഷം തന്നെ തീർപ്പുണ്ടാക്കും: റവന്യു മന്ത്രി
പ്രത്യേക അദാലത്തിന് ഒക്ടോ. മൂന്നിന് തൃശൂരിൽ തുടക്കമാകും
തിരുവനന്തപുരം:
ഭൂമി തരം മാറ്റി കിട്ടുന്നതിനു വേണ്ടി ലഭിച്ച അപേക്ഷകളിൽ 25 സെൻ്റിനു താഴെയുള്ളവ ഈ വർഷം തന്നെ തീർപ്പുണ്ടാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ഇതിനായുള്ള സംസ്ഥാനത്ത് പ്രത്യേക അഭാലത്തുകൾക്ക് ഒക്ടോബർ മൂന്നിന് തൃശൂരിൽ തുടക്കമാകുമെന്നും ആലപ്പുഴ ജില്ലാ റവന്യൂ അസംബ്ലിയിൽ അധ്യക്ഷത വഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
ഐതിഹാസികമായ മാറ്റങ്ങളാണ് കേരളത്തിൽ റവന്യൂ വകുപ്പ് നടത്തി വരുന്നത്. 1957 ലെ പ്രഥമ സർക്കാർ മുതൽ 2016 ലെ ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലം വരെ വികസനത്തിന് ഏറ്റെടുത്ത ഭൂമിയേക്കാൾ കൂടുതൽ കിഫ്ബി വന്ന ശേഷം റവന്യൂ വകുപ്പ് ഏറ്റെടുത്ത് കൈമാറിയിട്ടുണ്ട്. ഇത്തരം ഭൂമിയുടെ സർവെ നടപടികൾക്ക് കൂടുതൽ സർവെയർമാരെ ലഭ്യമാക്കുവാൻ ഇടപെടൽ നടത്തിയതായി മന്ത്രി പറഞ്ഞു.
ഡിജിറ്റലൈസേഷനിൽ റവന്യൂ വകുപ്പ് ലോക നിലവാരത്തിൽ എത്തിയതായാണ് ഈ രംഗത്തെ വിദഗ്ധർ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. റവന്യൂ വിഷയങ്ങളിൽ കളക്ടർമാർ അടക്കം ഉദ്യോഗസ്ഥർ നടത്തുന്ന ഇടപെടൽ അഭിമാനകരമാണെന്നാണ് കേന്ദ്ര ലാൻഡ് റവന്യൂ വിലയിരുത്തിയിരിക്കുന്നതെന്നും കേന്ദ്ര സെക്രട്ടറിയെ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു.
ജില്ലയിലെ സ്മാർട്ട് വില്ലേജ്, പട്ടയം, ഡിജിറ്റൽ റീ സർവെ, എംഎൽഎ ഡാഷ് ബോർഡ് എന്നിവയിലെ സ്ഥിതിവിവര റിപ്പോർട്ട് ജില്ലാ കളക്ടർ അലക്സ് വർഗീസ് റവന്യു അസംബ്ലിയിൽ അവതരിപ്പിച്ചു. 1458 പട്ടയങ്ങൾ ജില്ലയിൽ വിതരണം ചെയ്തു. എംഎൽഎ ഡാഷ് ബോർഡിൽ ലഭിച്ച 194 അപേക്ഷകളിൽ 162 തീർപ്പാക്കിയതായും കളക്ടർ അറിയിച്ചു.
തുടർന്ന് എംഎൽഎമാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ, തോമസ് കെ തോമസ്, എം എസ് അരുൺകുമാർ, യു പ്രതിഭ, ദിലീമ ജോജോ എന്നിവർ വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി. റോഡ്, പാലം എന്നിവയ്ക്ക് ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാര തുക, പട്ടയ അപേക്ഷകൾ, സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതി, വികസന പദ്ധതികൾക്കുള്ള ഭൂമി ഇനം മാറ്റം, ഭൂമി തരം മാറ്റം, താലൂക്ക് ഓഫീസുകൾക്ക് വാഹനം തുടങ്ങി എംഎൽഎമാർ ഉന്നയിച്ച ആവശ്യങ്ങൾ അടിയന്തര പരിഗണനയ്ക്ക് എടുത്തു. ഡിജിറ്റൽ റീ സർവെ മൂന്നാംഘട്ടത്തിൻ്റെ വേഗതയ്ക്കായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കാൻ തീരുമാനമായി.
റവന്യൂ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, ലാൻഡ് റവന്യൂ കമ്മിഷണർ ജീവൻ ബാബു കെ, റവന്യൂ അഡീഷണൽ സെക്രട്ടറി എ ഗീത, സർവെ ഡയറക്ടർ സീറാം സാംബശിവ റാവു തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
- Log in to post comments