'ആർട്ട് ഓവർ ഡ്രഗ്സ്'; ലഹരിക്കെതിരെ കല പ്രതിരോധമാക്കാൻ ജില്ലാ ഭരണകൂടം
ചിത്രകലാകാരന്മാർ ഒരുക്കുന്ന ഭീമൻ ലഹരിവിരുദ്ധ ക്യാൻവാസ് ഇന്ന് ഫ്രീഡം സ്ക്വയറിൽ
ലഹരിക്കെതിരെ കല പ്രതിരോധമാക്കി 'ആർട്ട് ഓവർ ഡ്രഗ്സ്’ പരിപാടിയുമായി ജില്ലാ ഭരണകൂടം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള 'പുതുലഹരിയിലേക്ക്' സമഗ്ര ലഹരിവിരുദ്ധ അവബോധ ക്യാമ്പയിൻ, കേന്ദ്ര സർക്കാറിൻ്റെ 'നശാമുക്ത് ഭാരത് അഭിയാൻ' പദ്ധതി എന്നിവയുടെ ഭാഗമായി ജില്ലാ സാമൂഹിക നീതി വകുപ്പിൻ്റെ സഹകരണത്തോടെയാണ് പത്തിലധികം ചിത്രകാരന്മാരുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഭീമൻ ക്യാൻവാസ് ഒരുക്കുന്നത്. പേരാമ്പ്ര ‘ദി ക്യാമ്പ്’ ചിത്രകാരന്മാരുടെ കൂട്ടായ്മ അംഗങ്ങളാണ് ഇന്ന് (സെപ്റ്റംബർ 19) രാവിലെ 9 മുതൽ ക്യാൻവാസ് തയ്യാറാക്കുക. വൈകീട്ട് 5.30ഓടെ ചിത്രരചന പൂർത്തിയാക്കും. തുടർന്ന് കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കുന്ന പരിപാടിയിൽ ജില്ലയിലെ വിവിധ ക്യാമ്പസ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.
ലഹരിക്കെതിരെ ഷൂട്ട് ഔട്ട്, പഞ്ച് ദി സിഗരറ്റ്, ഹൈക്കു കവിത രചന മത്സരം, സ്പോട്ട് ക്വിസ്സുകൾ, അഭിപ്രായ സർവേകൾ, ‘ഷെയർ ലവ് നോട്ട് ഡ്രഗ്സ്’ സെൽഫി കോർണറുകൾ തുടങ്ങിയ വിവിധ ആക്ടിവിറ്റി കോർണറുകളും ഒരുക്കുന്നുണ്ട്.
പരിപാടി വൈകീട്ട് 5.30ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്യും. ജില്ലാ സാമൂഹിക നീതി ഓഫീസർ അഞ്ജു മോഹൻ, ആസാദ് സേന ജില്ലാ കോർഡിനേറ്റർ ലിജോ ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി അബ്ദുൽ കരീം, ഡിസിഐപി കോർഡിനേറ്റർ ഡോ. നിജീഷ് ആനന്ദ് തുടങ്ങിയവർ സംബന്ധിക്കും. ആസാദ് സേന, ജില്ലാ കലക്ടറുടെ ഇൻ്റേൺസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
- Log in to post comments