ട്രീ ഗ്രോവേര്‍സ് മേള ഇന്ന്
ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്ട്രി റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്റെ (ഐ.സി.എഫ്.ആര്.ഇ) നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനിറ്റിക്സ് ആന്‍ഡ് ട്രീ ബ്രീഡിംഗ് (ഐ.എഫ്.ജി.ടി.ബി), കേരള വനം വന്യജീവി വകുപ്പ് എന്നിവര്‍ സംയുക്തമായി ട്രീ ഗ്രോവേര്‍സ് മേള 2025 സംഘടിപ്പിക്കുന്നു. മേളയുടെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബര്‍ 20ന് ) രാവിലെ പത്തിന് നെന്മാറ ജ്യോതിസ് റെസിഡന്‍സിയില്‍ കെ.ബാബു എംഎല്.എ നിര്‍വഹിക്കും. തുടര്‍ന്ന് സുസ്ഥിര വൃക്ഷ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ശാസ്ത്രജ്ഞര്‍, വ്യവസായ പ്രഫഷണലുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരുമായി കര്‍ഷകരെ ബന്ധിപ്പിക്കുന്ന ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കും. കര്‍ഷകര്‍ക്കും വാണിജ്യപരമായ തേക്ക്, മലവേപ്പ്, കുമിഴ്, മട്ടി, മുള തുടങ്ങിയ വൃക്ഷങ്ങള്‍ വളര്‍ത്തുന്നവര്‍ക്കും ആധുനിക വൃക്ഷ കൃഷി സാങ്കേതിക വിദ്യകള്‍, ഉയര്‍ന്ന വിളവ് നല്കുന്ന നടീല്‍വസ്തുക്കള്‍, കാര്‍ഷിക വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിപണി അവസരങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് ബോധവല്‍ക്കരണം നല്കുവാനായാണ് മേള സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ലീലാമണി, നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയന്, അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്നേഷ്, ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. വിജയാനന്ദന്, കോയമ്പത്തൂര്‍ ഐ.സി.എഫ്.ആര്.ഇ-ഐ.എഫ്.ജി.ടി.ബി ഡയറക്ടര്‍ ഡോ. ആര്.യശോദ, ഐ.സി.എഫ്.ആര്.ഇ-ഐ.എഫ്.ജി.ടി.ബി ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ. ഗണേഷ്കുമാര് , സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുമു സ്കറിയ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments