മൂന്ന് പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്കാരം
കേരള സർക്കാരിന്റെ പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനത്തിന്റെ ഭാഗമായി ഹരിതകേരളം മിഷൻ 2019 മുതൽ നടപ്പിലാക്കിയ പച്ചത്തുരുത്ത് പദ്ധതിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നിർമ്മിച്ച ജില്ലയിലെ മികച്ച 3 പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്കാരം ലഭിച്ചു. സംസ്ഥാന തലത്തിൽ തദ്ദേശസ്ഥാപന വിഭാഗത്തിനുള്ള രണ്ടാം സ്ഥാനം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കുമ്പളംചോല പച്ചത്തുരുത്തിനു ലഭിച്ചു. കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ കരിങ്കരപ്പുള്ളി കനാൽ തീരം പച്ചത്തുരുത്ത് സ്പെഷ്യൽ ജൂറി അവാർഡിനു അർഹത നേടി. കോളേജ് വിഭാഗത്തിൽ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ വി.ടി. ഭട്ടത്തിരിപ്പാട് കോളേജിലെ വാൾട്ടർ വാലി ഫുഡ് ഫോറസ്റ്റ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഓസോൺ ദിനമായ സെപ്തംബർ 16 നു തിരുവനന്തപുരത്ത് വെച്ചാണ് പുരസ്കാര വിതരണം നിർവ്വഹിക്കപ്പെട്ടത്.
2021 ലെ പരിസ്ഥിതി ദിനത്തിലാണ് കുമ്പളംച്ചോല ഭാഗത്ത് ഉപയോഗശൂന്യമായി കിടന്ന ക്വാറി പരിസരത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ആദ്യ തൈ നട്ടു കൊണ്ടാണ് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ കുമ്പളംച്ചോല പച്ചത്തുരുത്ത് പ്രവർത്തികൾ ആരംഭിക്കുന്നത്. പ്രാരംഭഘട്ടത്തിൽ ക്വാറിവേസ്റ്റുകളാലും മാലിന്യ കൂമ്പാരത്തിനാലും മൂടി കിടന്നിരുന്ന സ്ഥലം നിലവിൽ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തി ജാക്ക് ഫ്രൂട്ട് ഫോറസ്റ്റ്, മുരിങ്ങ പ്ലാന്റേഷൻ, മുളക്കാട്, ചെണ്ടുമല്ലി കൃഷിക്ക് നിലമൊരുക്കൽ എന്നീ പ്രവൃത്തികളും, വൈവിധ്യമാർന്ന കരിമ്പനക്കാട്, ചോളകൃഷിക്ക് നിലമൊരുക്കൽ, ഡ്രാഗൺ ഫ്രൂട്ട് കൃഷി, ഫാഷൻ ഫ്രൂട്ട് കൃഷി, കശുമാവിൻ തോട്ടം നിർമ്മാണം തുടങ്ങിയവയും നടത്തി 5 ഏക്കറിലധികം പ്രദേശത്തേക്ക് ഈ പച്ചത്തുരുത്ത് വ്യാപിച്ചിരിക്കുന്നു. വിവിധ ഇനങ്ങളിലായി 1400 ലധികം വൃക്ഷങ്ങൾ സംരക്ഷിച്ചു വരുന്നു.
കൊടുമ്പ് ഗ്രാമപഞ്ചായത്തിലെ കാടാംങ്കോടാണ് ഇന്ന് നാടിന്റെ അഭിമാനമായി മാറിയ കരിങ്കരപ്പുള്ളി കനാൽ തീരം പച്ചത്തുരുത്ത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 1.5 ഏക്കർ വിസ്തൃതിയുള്ള ഈ ഭൂമി ഒരിക്കൽ ഉപേക്ഷിക്കപ്പെട്ട പൊതു സ്ഥലമായിരുന്നു. ഒട്ടും പരിപാലനമില്ലാതെ രൂക്ഷമായ മാലിന്യപ്രശ്നം അഭിമുഖികരിച്ചിരുന്ന ഈ സ്ഥലം ഇന്ന് പച്ചപ്പിന്റെയും പുതുജീവിതത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നു. 267-ത്തിലധികം സസ്യവർഗ്ഗങ്ങൾ ഇവിടെ വളർന്ന് കായ്ച്ചിരിക്കുന്നു. ഫലവൃക്ഷങ്ങൾ, ഔഷധവർഗ്ഗങ്ങൾ, നാട്ടുവൃക്ഷങ്ങൾ, പൂച്ചെടികൾ തുടങ്ങി എല്ലാ വിഭാഗങ്ങളും ഉൾപ്പെടുന്ന വൈവിധ്യം പ്രദേശത്തെ ജൈവവൈവിധ്യം വർധിപ്പിച്ചു.
ഫാസ്റ്റ് ഫുഡുകളും ജീവിതശൈലീ രോഗങ്ങളും മനുക്ഷ്യ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഈ കാലത്ത് വൈവിധ്യമുള്ള ഭക്ഷണങ്ങൾ നൽകുന്ന ചെടികളെ പുതിയ തലമുറ തിരിച്ചറിയണം എന്ന ലക്ഷ്യത്തോടെ കോളേജിലെ തരിശ്ശായി കിടന്നിരുന്ന ഒരേക്കർ 25 സെന്റ് സ്ഥലത്തിൽ 2021 ഒക്ടോബർ 18 ന് വാർട്ടർ വാലി ഫുഡ് ഫോറസ്റ്റ് എന്ന പേരിൽ ഒരു ഭക്ഷ്യവനം വച്ചു പിടിപ്പിച്ചു. 130 ഓളം ഇനങ്ങളിൽപ്പെട്ട 457 വൃക്ഷങ്ങൾ ഇവിടെ സംരക്ഷിക്കുന്നു. പച്ചത്തുരുത്തിനു ഇപ്പോൾ ഏകദേശം 4 വർഷത്തോളം വളർച്ചയുണ്ട്.
- Log in to post comments