Skip to main content

നവീകരണത്തിനൊരുങ്ങി മൂവാറ്റുപുഴ ഗവ. മോഡൽ സ്കൂൾ മൈതാനം

കായിക പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മൂവാറ്റുപുഴ ഗവ. മോഡൽ സ്കൂൾ മൈതാനം നവീകരണത്തിന് ഒരുങ്ങുന്നു. മാത്യു കുഴൽനാടൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 

 

110 വർഷത്തോളം പഴക്കമുള്ള മൈതാനം ഒരുകാലത്ത് നഗരത്തിലെ കായികമേളകൾ നടന്നിരുന്ന ഇടമാണ്. ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് മണ്ണൊലിച്ചുപോയി പാറകൾ തെളിഞ്ഞതോടെ കളിക്കാൻ കഴിയാത്ത അവസ്ഥയിലായി. ഇത് പരിഹരിച്ച് വെള്ളം കൃത്യമായി ഒഴുക്കിവിട്ട് പ്രകൃതിയോടിണങ്ങിയ ടർഫ് മാതൃകയിലുള്ള ഗ്രൗണ്ട് നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

 

ടെൻഡർ നടപടികൾ പൂർത്തിയായാൽ ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് നഗരസഭ വൈസ് ചെയർപേഴ്സൺ സിനി ബിജു അറിയിച്ചു. നിലവിൽ അനുവദിച്ചിട്ടുള്ള 30 ലക്ഷം ഉപയോഗിച്ച് ഫലപ്രദമായി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

*ആയുർവേദ ദിനാഘോഷം ജില്ലാതല ഉദ്ഘാടനം ഇന്ന് (23) ചങ്ങമ്പുഴ പാർക്കിൽ*

 

നാഷണൽ ആയുഷ് മിഷനും ഭാരതീയ ചികിത്സ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 10-ാമത് ആയുർവേദ ദിനാഘോഷ പരിപാടികൾക്ക് സെപ്റ്റംബർ 23ന് തുടക്കമാകും . ജില്ലാതല ഉദ്ഘാടനം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ഉമാ തോമസ് എംഎൽഎ നിർവഹിക്കും. 

 

 ''ആയുർവേദം മാനവരാശിക്കും ഭൂമിക്കും'' എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ടാണ് 2025ൽ ആയുർവേദ ദിനം ആഘോഷിക്കുന്നത്. പരിപാടിയുടെ ഭാഗമായി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, സെമിനാർ, ആരോഗ്യ പാചക പ്രദർശനം, ആഭ രജിസ്ട്രേഷൻ എന്നിവയും നടക്കും.

 

ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ജെ ജോമി, ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാ ദേവി, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സീബ എസ് ബാലകൃഷ്ണൻ , എൻ. എച്ച്. എം ഡിപിഎം ഡോ. പ്രസ്ലിൻ ജോർജ്, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ വി പി ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

date