പൊതുജനാരോഗ്യത്തിനാണ് സര്ക്കാര് മുന്ഗണന നല്കുന്നത്: മന്ത്രി വീണാ ജോർജ്
*ചിങ്ങോലി പ്രാഥമികാരോഗ്യകേന്ദ്രം പുതിയ ഒ പി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
പൊതുജനാരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് ആരോഗ്യ, വനിതാ, ശിശുക്ഷേമവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചിങ്ങോലി പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നിർമ്മിച്ച പുതിയ ഒ പി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആർദ്രം മിഷന്റെ ഭാഗമായി ആരോഗ്യകേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. സേവനങ്ങൾ വികേന്ദ്രീകരിച്ച് പരമാവധി നാട്ടിൻപുറങ്ങളിലേക്കടക്കം എത്തിക്കാണ് സർക്കാർ ശ്രമിക്കുന്നത്. 2023ൽ 5415 സബ് സെന്ററുകൾ ജനകീയാരോഗ്യകേന്ദ്രങ്ങളാക്കി. ഒരു രൂപപോലും ചെലവില്ലാതെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ഡോക്ടറെ സന്ദർശിക്കാനും ലാബ് പരിശോധന നടത്താനും കുറഞ്ഞ ചെലവിൽ മരുന്നു വാങ്ങാനും ഇന്ന് സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 21 ലക്ഷം രൂപ ചെലവഴിച്ചാണ് ചിങ്ങോലി പഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ 750 ചതുരശ്ര അടി ഒ പി ബ്ലോക്ക് നിർമിച്ചത്. ചടങ്ങിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. തോമസ് കെ തോമസ് എംഎൽഎ ഓൺലൈനായി പങ്കെടുത്തു. പഞ്ചായത്തിന്റെ സഹായത്തോടെ നിർമിച്ച ജനകീയ ലാബിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജമുന വർഗ്ഗീസ് നിർവഹിച്ചു. ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പത്മശ്രീ ശിവദാസൻ, വൈസ് പ്രസിഡൻ്റ് ജി സജിനി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഗീത ശ്രീജി, ബ്ലോക്ക് പഞ്ചായത്തംഗം യു അനുഷ്യ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശോഭ ജയപ്രകാശ്, അശ്വതി തുളസി, അനീഷ് എസ് ചേപ്പാട്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കോശി സി പണിക്കർ, പഞ്ചായത്തംഗങ്ങളായ പി വിജിത, കെ എൻ നിബു, പ്രസന്ന സുരേഷ്, സരിത ജയപ്രകാശ്, എസ് സുരേഷ് കുമാർ, പ്രമീഷ് പ്രഭാകരൻ, എം ബി ഇന്ദുലത, എ അൻസിയ, പഞ്ചായത്ത് സെക്രട്ടറി എസ് ജയശ്രീ, കരുവാറ്റ റ്റി യു മെഡിക്കൽ ഓഫീസർ ഡോ. എ ഷിനു, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments