Skip to main content

ഏലൂർ ചൗക്ക - ചേരാനല്ലൂർ പാലത്തിന് 27.70 കോടി രൂപയുടെ ഭരണാനുമതി

ജില്ലയിലെ മുട്ടാർ നദിക്കു കുറുകെയുള്ള ചേരാനല്ലൂർ ഏലൂർ ചൗക്ക പാലം നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചു. കാലങ്ങളായി ചുവപ്പ് നാടയിൽ കുടുങ്ങി കിടന്നിരുന്ന പദ്ധതിക്ക് അംഗീകാരം ലഭിക്കാൻ മന്ത്രി പി.രാജീവിന്റെ ഇടപെടലുകൾ സഹായകമായെന്ന് ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.

 

നിലവിൽ ലഭിച്ചിരിക്കുന്നത് 2018ലെ എസ്.ഒ.ആർ പ്രകാരമുള്ള തുകയാണ്. നിലവിലെ സാഹചര്യത്തിൽ പ്രവൃത്തി ആരംഭിക്കാൻ 2021 എസ്.ഒ.ആർ പ്രകാരമുള്ള തുകയിലേക്ക് പദ്ധതിക്ക് അനുമതി ലഭിക്കേണ്ടതുണ്ട്, ഇതിനായി പരിഷ്കരിച്ച എസ്റ്റിമേറ്റ് പൊതുമരാമത്ത് പാലം വിഭാഗം സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.

 

153.24 മീറ്റർ നീളമുള്ളതാണ് നിർദ്ദിഷ്ട പാലം. ഇതിൽ 20 മീറ്റർ വീതം നീളമുള്ള 2 ലാൻഡ് സ്പാനുകളും 19.85 മീറ്റർ നീളമുള്ള 4 ലാൻഡ് സ്പാനുകളും, 32.04 മീറ്റർ നീളമുള്ള മധ്യ സ്പാനുമുണ്ട് . 7.50 മീറ്റർ വീതിയുള്ള കാരിയേജ് വേയും ഇരുഭാഗത്തുമായി 1.5 മീറ്റർ വീതിയുള്ള നടപ്പാതകളുമുണ്ട്. പാലത്തിന്റെ ആകെ വീതി 11.00 മീറ്ററും മധ്യ സ്പാനിന് 12.00 മീറ്ററുമാണ്. ബാർജുകൾ പിയറുകളിൽ ഇടിക്കുന്നത് നിയന്ത്രിക്കുന്നതിന് 80 മില്ലീമീറ്റർ വ്യാസമുള്ള 16 എണ്ണം ഫെൻഡർ പൈലുകളും നൽകും. 

 

ചേരാനല്ലൂർ ഭാഗത്ത് അപ്പ്രോച്ച് റോഡ് ഉള്പ്പെടെ 329 മീറ്ററും ഏലൂർ ഭാഗത്ത് അപ്പ്രോച്ച് റോഡ് ഉള്പ്പെടെ 335 മീറ്ററും നീളത്തിലുള്ള റോഡുകളും ഇരുഭാഗങ്ങളിലായി സര്വീസ് റോഡുകളും ഉണ്ടാവും. മണ്ണിന്റെ മോശം അവസ്ഥ കണക്കിലെടുത്ത് തെങ്ങിന് പൈലുകൾ ഉപയോഗിച്ച മണ്ണ് ബലപ്പെടുത്തുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. 

 

ദീർഘകാലമായി ജനകീയ ആവശ്യമായി ഉന്നയിക്കപ്പെടുന്ന പദ്ധതിയാണിത്. 2016 ൽ 12 കോടി ചിലവ് കണക്കാക്കി അനുമതി ലഭിച്ച പദ്ധതി പിന്നീട് ഏലൂർ ഭാഗത്ത് നിർമ്മാണ ഘടനയിൽ ചില മാറ്റങ്ങൾ പ്രാദേശികമായി വന്നപ്പോൾ തുക അധികരിക്കുകയും പിന്നീട് എസ്.ഒ.ആർ പരിഷ്കാരങ്ങൾ കൂടെ ആയതോടെയാണ് നിലവിലെ 30.6 കോടി രൂപയായി മാറിയത്.    

 

അംഗീകരിക്കപ്പെട്ട തുകയിൽ നിന്നും 10 ശതമാനം വരെയുള്ള വർദ്ധനവിന് അംഗീകാരം നൽകാൻ പൊതുമരാമത്ത് സെക്രട്ടറിക്ക് അധികാരമുള്ളതിനാൽ നിലവിലെ സാഹചര്യത്തിൽ പദ്ധതിക്ക് കാലതാമസം വരാതിരിക്കാൻ അധികമായി വരുന്ന തുക ലഭിക്കുന്നതിന് എസ്റ്റിമേറ്റിൽ സാധ്യമായ മാറ്റങ്ങൾ വരുത്തി വീണ്ടും സമർപ്പിക്കാൻ നിയമ വശങ്ങൾ പരിശോധിക്കേണ്ടി വരുമെന്നും ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.

 

 

date