സംസ്ഥാന സ്കൂൾ ഗെയിംസ്: അണ്ടർ 19 ബോയ്സ് ഫുട്ബോൾ ഫൈനൽ ബുധനാഴ്ച
സംസ്ഥാന സ്കൂൾ ഗെയിംസിൽ അണ്ടർ 19 ബോയ്സ് വിഭാഗം ഫുട്ബോൾ ഫൈനൽ മത്സരം സെപ്റ്റംബർ 24 ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് കണ്ണൂർ പോലീസ് മൈതാനിയിൽ നടക്കും. മലപ്പുറവും കോഴിക്കോടുമാണ് ഫൈനലിൽ മത്സരിക്കുന്നത്. തുടർന്ന് അണ്ടർ 19 ഗേൾസ് ഫുട്ബോൾ മത്സരങ്ങൾ നടക്കും.
അണ്ടർ 17 ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ബോക്സിങ് മത്സരങ്ങൾ ജി വി എച്ച് എസ് എസിലും അണ്ടർ 19 സീനിയർ ആൺകുട്ടികളുടെ വോളിബോൾ മത്സരങ്ങൾ തലശ്ശേരി ചമ്പാട് ഇൻഡോർ സ്റ്റേഡിയത്തിലും ബുധനാഴ്ച നടക്കും.
തൈക്കോണ്ടോ മത്സരങ്ങളിൽ അണ്ടർ 19 സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അണ്ടർ 14 സബ്ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങൾ പൂർത്തിയായപ്പോൾ 13 സ്വർണവും ഒൻപത് വെള്ളിയും ഏഴ് വെങ്കലവും നേടി 99 പോയിന്റുമായി കാസർഗോഡ് മുന്നേറ്റം തുടരുന്നു. ആറ് സ്വർണവും അഞ്ചു വെള്ളിയും 11 വെങ്കലവും നേടി 56 പോയിന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തും അഞ്ച് സ്വർണവും നാലു വെള്ളിയും പത്ത് വെങ്കലവും നേടി 47 പോയിന്റുമായി എറണാകുളം മൂന്നാം സ്ഥാനത്തുമാണുള്ളത്. ആകെയുള്ള 67 ഇനങ്ങളിൽ 41 ഇനങ്ങൾ പൂർത്തിയായി. അണ്ടർ 17 മത്സരങ്ങൾ സ്കൂൾ ഒളിമ്പിക്സിന്റെ കൂടെ തിരുവനന്തപുരത്ത് വച്ച് നടത്തപ്പെടും.
- Log in to post comments