Skip to main content

നരസിംഹപുരം ചെറുകിട കുടിവെള്ള പദ്ധതി നിര്‍മാണോദ്ഘാടനം നടന്നു

 

മലയിന്‍കീഴ് പഞ്ചായത്ത് അന്തിയൂര്‍ക്കോണം വാര്‍ഡില്‍ നടപ്പിലാക്കുന്ന നരസിംഹപുരം ചെറുകിട കുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ഐ.ബി. സതീഷ് എം.എല്‍.എ നിര്‍വഹിച്ചു. കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് കുടിവെള്ള പദ്ധതി നിര്‍മിക്കുന്നത്. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ നരസിംഹപുരം പ്രദേശത്തിലെ വീടുകളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണിത്.

നരസിംഹപുരം കൂടാതെ മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിനു കീഴിലെ തേരിവിള, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിനു കീഴിലെ കിളിക്കോട്ടുകോണം, വിളപ്പില്‍ ഗ്രാമപഞ്ചായത്തിനു കീഴിലെ തിനവിള, കരിമ്പാണ്ടി, വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിനു കീഴിലെ പേയാട് കുന്നിന്‍മുകള്‍, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തിനു കീഴിലെ തച്ചങ്കോട് എന്നീ പ്രദേശങ്ങളില്‍ ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുമെന്ന് എം.എല്‍.എ പറഞ്ഞു. ശാസ്ത്രീയ പഠനം പൂര്‍ത്തിയാകുന്ന മുറക്ക് നിയോജകമണ്ഡലത്തിലെ പത്തു പ്രദേശങ്ങളില്‍ കൂടി പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
(പി.ആര്‍.പി. 2718/2018)

 

date