സൗജന്യ ചികിത്സക്ക് സർക്കാർ പ്രഥമ പരിഗണന നൽകുന്നു: മന്ത്രി വീണാ ജോർജ്
സൗജന്യ ചികിത്സാ ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും, രോഗങ്ങൾക്ക് മുന്നിൽ ആരും നിസ്സഹായരാകില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. എലപ്പുള്ളി താലൂക്ക് ആശുപത്രിക്ക് വേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2021-ൽ രണ്ടര ലക്ഷം പേർക്കാണ് സൗജന്യ ചികിത്സ ലഭിച്ചതെങ്കിൽ, 2024 ആയപ്പോഴേക്കും അത് ആറര ലക്ഷം പേർക്ക് നൽകാൻ സർക്കാരിന് കഴിഞ്ഞു. ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിന്റെ പൊതുജനാരോഗ്യം ഉയർന്നു കഴിഞ്ഞു. അമേരിക്കയിലെ ശിശുമരണ നിരക്ക് 5.6 ആയിരിക്കുമ്പോൾ കേരളത്തിൽ അത് അഞ്ചായി കുറക്കാൻ സാധിച്ചു. കോടിക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ടാണ് ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എലപ്പുള്ളിയില്‍ ആധുനിക സജ്ജീകരണത്തോടുകൂടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 17.5 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അഞ്ച് നിലകളിലായാണ് ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നത്. അത്യാഹിത വിഭാഗം, ലേബര്‍ റൂം, സ്ത്രീകളുടെയും പുരുഷന്‍മാരുടെയും കുട്ടികളുടെയും വാര്‍ഡുകള്‍, ഓപ്പറേഷന്‍ തിയേറ്റര്‍, ഡോക്ടര്‍മാരുടെ മുറികള്‍, റിസപ്ഷന്‍, കോണ്‍ഫറന്‍സ് ഹാള്‍, അഡ്മിനിസ്ട്രേഷന്‍ മുറി തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തിലുണ്ടാകും. പുതുപ്പരിയാരത്ത് ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തര ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി. അകത്തേത്തറ, മലമ്പുഴ മരുതറോഡ്, മുണ്ടൂര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ 14 ലക്ഷം രൂപ വീതം ചെലവഴിച്ച് നവീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. പുതുശ്ശേരി പി.എച്ച്.സി 15 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കി. കൊടുമ്പ് പി.എച്ച്.സിയുടെ ഒന്നാം ഘട്ട നവീകരണത്തിന് പതിനഞ്ചര ലക്ഷം രൂപ വിനിയോഗിച്ചെന്നും മന്ത്രി പറഞ്ഞു.
എ. പ്രഭാകരൻ എം.എൽ.എ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ മുഖ്യാതിഥിയായിരുന്നു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എച്ച്. ഷെരിഫ് സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ടി.വി റോഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ എം. പത്മിനി ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. വിശാലക്ഷി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ. രാജകുമാരി, മെഡിക്കൽ ഓഫീസർ ഡോ. അനൂപ് എസ് വാര്യർ, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് മെമ്പർ കെ സുബ്രമണ്യൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments