Skip to main content

ആലപ്പുഴ നഗരത്തിന് തിലകക്കുറിയായി നാൽപ്പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

*ബുധനാഴ്ച വൈകിട്ട് ആറിന്  ഉദ്ഘാടനം  
*നിർമിച്ചത് 17.82 കോടി ചെലവിൽ 

'ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും' എന്നാണല്ലോ ചൊല്ല്, എന്നാൽ ആലപ്പുഴയിലെ പുതിയ നാൽപ്പാലം കണ്ടാൽ ഈ ചൊല്ലൊന്ന് മാറ്റിപ്പിടിക്കേണ്ടി വരും. കൊമേഴ്‌സ്യൽ കനാലിനും വാടക്കനാലിനും ചുറ്റുമുള്ള കരകളെ ബന്ധിപ്പിക്കുന്ന പഴയ മുപ്പാലം ഇന്ന് നാല് ദിക്കിലേക്കും തുറക്കുന്ന നാൽപ്പാലമാണ്. ആലപ്പുഴ ജില്ലയുടെ വികസനരംഗത്തെ നാഴികക്കല്ലായി മാറുന്ന പുനർനിർമ്മിച്ച മുപ്പാലത്തിന്റെ ഉദ്ഘാടനം  പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പു മന്ത്രി  പി.എ. മുഹമ്മദ് റിയാസ്  നാളെ (ഒക്ടോബർ 15 ന് )ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക് നിർവഹിക്കും. ഉദ്ഘാടന ചടങ്ങിൽ പി പി ചിത്തരഞ്ജൻ എം എൽ എ അധ്യക്ഷനാകും. കെ.സി. വേണുഗോപാൽ എം പി മുഖ്യാഥിതിയാവും. എച്ച് സലാം  എം എൽ എ സ്വാഗതം ആശംസിക്കും. 

ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച മുപ്പാലം കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചതോടെയാണ് പുതുക്കിപ്പണിതത്. 23 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുമുള്ള മൂന്നു പാലങ്ങളും 26 മീറ്റർ നീളവും 7.5 മീറ്റർ കാര്യേജ് വിസ്തൃതിയുമുള്ള നാലാം പാലവും ഉൾപ്പെടുന്നതാണ് പുതിയ നാൽപ്പാലം. 17.82 കോടി രൂപയാണ് നിർമ്മാണച്ചെലവ്. നടപ്പാതയിൽ ടൈൽ പാകൽ, പെയിന്റിങ്, വൈദ്യുതീകരണം തുടങ്ങിയ അവസാനഘട്ട പണികളും  പൂർത്തീകരിച്ചിട്ടുണ്ട്.  

ആലപ്പുഴ നഗരത്തിന്റെ ചരിത്രത്തോളം പഴക്കമുള്ള മുപ്പാലമാണ് നവകേരളത്തിൽ നാൽപ്പാലമായി പുതുക്കിപ്പണിത് ഉദ്ഘാടനത്തിനൊരുങ്ങിയത്. കൊമേഴ്‌സ്യൽ കനാലിനും വാടക്കനാലിനും കുറുകെ നിർമ്മിച്ച പാലങ്ങൾ മുപ്പാലമെന്നാണ്  അറിയപ്പെട്ടിരുന്നത്. പാലത്തിന്റെ കിഴക്ക് വശത്ത് തെക്ക് വടക്കായി എസ് പി ഓഫീസിന്റെ മുന്നിൽ നിന്നും സീ വ്യൂ വാർഡിനെ ബന്ധിപ്പിക്കുന്ന പുതിയ പാലം കൂടി ചേർന്നപ്പോഴാണ് മുപ്പാലം നാൽപ്പാലമായി മാറിയത്.

പ്രേംനസീർ, ജയൻ, മമ്മൂട്ടി, മോഹൻലാൽ മുതൽ ബോളിവുഡിലെ സൂപ്പർ താരം ഷാരൂഖ് ഖാൻ വരെ അഭിനയിച്ച നിരവധി സിനിമകൾ ചിത്രീകരിച്ച ലൊക്കേഷൻ കൂടിയായിരുന്നു മനോഹരമായ മുപ്പാലം. ഈ പാലത്തെയാണ് അഴകും സാങ്കേതികതയും കോർത്തിണക്കി പുതിയ കാലത്തിനനുസൃതമായി അതിമനോഹര നാൽപ്പാലമാക്കി മാറ്റിയത്. നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിനൊപ്പം വിനോദ സഞ്ചാരത്തിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താനും പുതിയ പാലത്തിലൂടെ സാധിക്കും. ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി അഞ്ച്മണിമുതൽ  പ്രശസ്ത വയലിനിസ്റ്റ് ബിജു മല്ലാരി അവതരിപ്പിക്കുന്ന ഫ്യൂഷൻ സംഗീതവും അരങ്ങേറും.

date