ഓരോ മണ്ഡലത്തിലും സർക്കാർ പരമാവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കി: യു പ്രതിഭ എംഎൽഎ
*ചെട്ടികുളങ്ങര പഞ്ചായത്ത് വികസന സദസ്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു
വികസന പ്രവർത്തനങ്ങൾ തുടർച്ചയാണെന്നും ഓരോ മണ്ഡലത്തിലും സർക്കാർ പരമാവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയെന്നും യു പ്രതിഭ എം എൽ എ പറഞ്ഞു. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ചെട്ടികുളങ്ങര ദിവ്യ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ.
സർക്കാരിനെ സംബന്ധിച്ചിടത്തോളം വികസനം എന്നാൽ ചേർത്തുപിടിക്കലാണ്. കേരളത്തിലെ അര കോടിയിലധികം ജനങ്ങൾ ക്ഷേമ പെൻഷൻ വാങ്ങുന്നു. സാധാരണക്കാരെ വിവിധ ഘട്ടമായി ഉയർത്തിക്കൊണ്ടുവരികയാണ് സർക്കാർ ചെയ്യുന്നത്. നവംബർ ഒന്നിന് കേരളം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുമ്പോൾ ആ നേട്ടത്തിൽ വലിയ പങ്കാണ് പഞ്ചായത്തുകൾ വഹിച്ചിട്ടുള്ളത്. കഴിഞ്ഞ ഒമ്പത് വർഷക്കാലം നിരവധി വികസന പ്രവർത്തനങ്ങൾ കായംകുളം മണ്ഡലത്തിൽ നടത്താൻ സാധിച്ചുവെന്നും സുതാര്യമായി പ്രവർത്തിക്കാൻ ചെട്ടികുളങ്ങര പഞ്ചായത്തിന് കഴിഞ്ഞെന്നും എം എൽ എ പറഞ്ഞു.
പാലിന്റെ ഉൽപാദനം, സംഭരണം, വിതരണം എന്നിവ കാര്യക്ഷമമാക്കാൻ വിവിധ പദ്ധതികളിലായി 1.27 കോടി രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചതെന്ന് സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ്സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ആരോഗ്യ മേഖലയിൽ 3.94 കോടി രൂപ ചെലവഴിച്ചു. ആർദ്രം പദ്ധതിയിലൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. വാതിൽപ്പടി സേവനങ്ങൾക്കായി 28 ആശാവർക്കർമാരെ നിയമിച്ചു. പാലിയേറ്റീവ് കെയർ മേഖലയിൽ 200 ഓളം രോഗികൾക്ക് പഞ്ചായത്തിന്റെ സേവനം ലഭിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ വിവിധ പദ്ധതികളിലായി മൂന്ന് കോടി രൂപയിലധികം ചെലവഴിച്ചു.
പശ്ചാത്തല മേഖലയിലെ വികസനത്തിൽ റോഡ് നിർമ്മാണത്തിന് മാത്രമായി 6.86 കോടി രൂപ ചെലവഴിച്ചു. പാർപ്പിട മേഖലയിൽ 12.39 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി. നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി 1500 എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുകയും സ്ട്രീറ്റ് ലൈറ്റ് എക്സ്റ്റൻഷനുവേണ്ടി 97.62 ലക്ഷം രൂപയും ചെലവഴിക്കുകയും ചെയ്തു. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കായി 1.8 കോടി രൂപ ചെലവഴിച്ചു. അതിദാരിദ്ര്യം അനുഭവിച്ചിരുന്ന 49 കുടുംബങ്ങളെ കണ്ടെത്തി സുരക്ഷിതരാക്കി. പഞ്ചായത്തിൽ 6594 പേർക്ക് സുരക്ഷ പെൻഷൻ ലഭിക്കുന്നു. ഈ ഭരണസമിതി അധികാരത്തിലെത്തിയ ശേഷം 2178 പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ അധികമായി അനുവദിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ 934 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകാൻ സാധിച്ചതായും ചെട്ടികുളങ്ങര പഞ്ചായത്തിന്റെ വികസനരേഖയിൽ ചൂണ്ടിക്കാട്ടുന്നു.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി സുധാകരക്കുറുപ്പ് അധ്യക്ഷനായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ് വികസനരേഖ പ്രകാശനം ചെയ്തു. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിഷ എൻ തയ്യിൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് സെക്രട്ടറി എൻ എസ് സിന്ധു സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ അവതരിപ്പിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ് ശ്രീജിത്ത് വികസനരേഖ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതാ ശശിധരൻ പഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ജി സന്തോഷ്, ജി ആതിര, മഞ്ജുളാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ പ്രദീപ്, ഉമ താരാനാഥ്, ആർ അജയൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സുമാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വാസുദേവൻ, ശ്രീദേവി, ബി സന്തോഷ് കുമാർ, രോഹിത് എം പിള്ള, അച്ചാമ്മ ജോണി, സുമ അജയൻ, രമാദേവി, ഗീതാ വിജയൻ, ജെ അമൃത, എസ് സുഭാഷ്, സുമ ബാലകൃഷ്ണൻ, സിഡിഎസ് ചെയർപേഴ്സൺ സലൂജ, ജൂനിയർ സൂപ്രണ്ട് കെ എസ് അപ്പു, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം നൽകിയവർ, ഹരിതകർമ്മസേന, ആശാ വർക്കർമാർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. 350 ഓളം പേർ സദസ്സിൽ പങ്കെടുത്തു.
- Log in to post comments