Skip to main content

വിഷന്‍ 2031; പൊതുമരാമത്ത് സെമിനാര്‍ 18-ന്

 

പശ്ചാത്തല വികസന രംഗത്തെ സുസ്ഥിര, സമാര്‍ട്ട് രീതികള്‍ ചര്‍ച്ചയാവും

സംസ്ഥാനതല 'വിഷന്‍ 2031' ന്റെ ഭാഗമായി ഒക്ടോബര്‍ 18-ന് കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട്‌യാര്‍ഡില്‍ നടക്കുന്ന പൊതുമരാമത്ത് വകുപ്പ് സെമിനാറില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധ ചര്‍ച്ചകള്‍ നടക്കും. സെമിനാര്‍ ഉദ്ഘാടനവും നയരേഖ അവതരണവും പകല്‍ 10 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കേരളത്തിലെ പശ്ചാത്തല വികസന മേഖല സുസ്ഥിരവും സ്മാര്‍ട്ടുമായി എങ്ങനെ മെച്ചപ്പെടുത്താം, മാറുന്ന സാങ്കേതികവിദ്യയും നൂതന സംവിധാനങ്ങളും ഉപയോഗപ്പെടുത്തി മേഖല എങ്ങനെ ശക്തിപ്പെടുത്താം എന്നതില്‍ ഊന്നി പ്രധാനപ്പെട്ട ആറു വിഷയങ്ങളെ അധികരിച്ച് ചര്‍ച്ചയും കരട് നയരേഖ അവതരണവും നടക്കും. 

കേരള സംസ്ഥാന ആസൂത്രണ സമിതി അംഗം ഡോ. കെ രവിരാമന്‍ ആമുഖമായി സംസാരിക്കും. തുടര്‍ന്ന് പകല്‍ 11.30 മുതല്‍ രണ്ട് വേദികളിലായി ചര്‍ച്ചകള്‍ നടക്കും. ഒന്നാം വേദിയില്‍ സുസ്ഥിര ഹൈവെ നിര്‍മാണ രീതികള്‍ എന്ന വിഷയത്തില്‍ ഐഐടി മദ്രാസ് പ്രൊഫസര്‍ ഡോ. ജെ മുരളീകൃഷണന്‍ സംസാരിക്കും. വേദി രണ്ടില്‍ ബിഐഎം സാങ്കേതിക വിദ്യ വിഷയത്തില്‍ ഐഐടി പാലക്കാട് അസി. പ്രൊഫസര്‍ ഡോ. സെന്തില്‍ കുമാര്‍ സംസാരിക്കും. ഉച്ചയ്ക്ക് 12.30-ന് ആരംഭിക്കുന്ന സെഷനില്‍ കാലാവസ്ഥയ്ക്കനുയോജ്യമായ നിര്‍മാണ രീതികള്‍ ചര്‍ച്ചയാവും. വിഷയത്തില്‍ കാലാവസ്ഥാ വിദഗ്ധനും ടെറി പ്രൊഫസ്സറുമായ ഡോ. എസ് എന്‍ മിശ്ര സംസാരിക്കും. ഇതേ സമയം വേദി രണ്ടില്‍ പൊതുനിര്‍മികളുടെ ഹരിതനിര്‍മാണം വിഷയത്തില്‍ ജിടിസിഎസ് സ്ഥാപകനും ചീഫ് കണ്‍സല്‍റ്റന്റുമായ ശ്രീഗണേഷ് വി നായര്‍ സംസാരിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് സ്മാര്‍ട്ട് റോഡ്- എഐ സംയോജിത റോഡ് സുരക്ഷ, സര്‍ക്കാര്‍ പൈതൃക നിര്‍മിതികളുടെ സംരക്ഷണം എന്നീ വിഷയങ്ങളില്‍ എന്‍ഐടി ട്രിച്ചി സിവില്‍ എഞ്ചിനിയറിംഗ് പ്രൊഫസര്‍ ഡോ. സാംസണ്‍ മാത്യു, തൃശൂര്‍ ഡിഡി ആര്‍ക്കിടെക്സ് ഡയറക്ടര്‍ എംഎം വിനോദ് കുമാര്‍ എന്നിവര്‍ സംസാരിക്കും. 

രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പതിന് ആരംഭിക്കും. സാമൂഹിക പ്രവര്‍ത്തകര്‍, അക്കാദമിക് വിദഗ്ധര്‍, സാങ്കേതിക വിദഗ്ധര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, കരാറുകാര്‍, തൊഴിലാളികള്‍, സംഘടനാപ്രതിനിധികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തെ പുരോഗമനപരവും വികസിതവുമായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന 'വിഷന്‍ 2031'-ല്‍ വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് 33 വിഷയങ്ങളില്‍ സംസ്ഥാനത്തുടനീളം സെമിനാറുകള്‍ നടന്നുവരികയാണ്. സംസ്ഥാനം രൂപീകൃതമായിട്ട് 2031-ല്‍ 75 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞകാല വളര്‍ച്ച വിലയിരുത്തിക്കൊണ്ട് ഭാവിക്കു വേണ്ടിയുള്ള ആശയങ്ങള്‍ മുന്നോട്ടുവെയ്ക്കുകയാണ് ലക്ഷ്യം.

date