Skip to main content

ഏഴോം പട്ടികജാതി ഭവനസമുച്ചയം:

 

ഒക്ടോബര്‍ 24 ന് മന്ത്രി എം.ബി.രാജേഷ് ഉദ്‌ഘാടനം ചെയ്യും 

 

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കായി ഏഴോം ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച ഭവന സമുച്ചയം ഒക്ടോബര്‍ 24 ന് വൈകീട്ട് നാല് മണിക്ക് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. എം വിജിന്‍ എം എല്‍ എ അധ്യക്ഷനാകും. 

ജില്ലാപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് കോടി രൂപ ചെലവിലാണ് ഏഴോം ഗ്രാമപഞ്ചായത്തിലെ കണ്ണോം ചാലായിൽ ഭവന പദ്ധതി പൂര്‍ത്തീകരിച്ചത്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ 24 പട്ടികജാതി കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. പട്ടികജാതി വികസന വകുപ്പിന്റെ ഭൂമിയില്‍, ഒരു കെട്ടിടത്തില്‍ നാല് കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ആറ് ഇരുനില കെട്ടിടങ്ങളാണ് നിര്‍മിച്ചത്. ഓരോ വീട്ടിലും സെന്‍ട്രല്‍ ഹാള്‍, അടുക്കള, രണ്ട് കിടപ്പുമുറി, അറ്റാച്ച്ഡ് ബാത് റൂം, കുടിവെള്ളം, വൈദ്യുതി കണക്ഷന്‍ എന്നീ സൗകര്യങ്ങളുണ്ട്. 

ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അംഗങ്ങളായ അഡ്വ. ടി സരള, എം.വി ശ്രീജിനി, യു.പി ശോഭ, ജില്ലാ പഞ്ചായത്ത് അംഗം സി.പി ഷിജു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.

date