Skip to main content
നരിപ്പറ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യുന്നു

കാലാനുസൃതമായി ജനങ്ങളെ മുന്നോട്ടു നയിക്കാനാണ് വികസന സദസ്സുകൾ -മന്ത്രി ഒ ആർ കേളു

 

നരിപ്പറ്റ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് മന്ത്രി ഉദ്ഘാടനം ചെയ്തു

കാലാനുസൃതമായി ജനങ്ങളെ മുന്നോട്ട് നയിക്കാനാണ് ജനങ്ങളുടെ അഭിപ്രായം തേടുന്നതെന്നും അതിനാണ് ഇത്തരം വികസന സദസ്സുകൾ നടത്തുന്നതെന്നും പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ് മന്ത്രി ഒ ആർ കേളു. നരിപ്പറ്റ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനകീയ ആസൂത്രണം വഴി ജനങ്ങളുടെ ജീവിതനിലവാരം ഉയർന്നിട്ടുണ്ടെന്നും ഇതുപോലുള്ള സദസ്സുകളാണ് അതിന് വഴിയൊരുക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൈവേലി ടൗണിൽ നടന്ന പരിപാടിയിൽ ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി.

സംസ്ഥാന സർക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ വീഡിയോ അവതരണം, ആസൂത്രണ സമിതി മുൻ ഉപാധ്യക്ഷൻ പി കുഞ്ഞികൃഷ്‌ണൻ നായരെ ആദരിക്കൽ, ചിത്ര പ്രദർശനം, കെ സ്മാർട്ട്‌ ക്ലിനിക്, സെമിനാറുകൾ, പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം, കേരളോത്സവം വിജയികൾക്കുള്ള സമ്മാനദാനം, ചർച്ച എന്നിവ നടന്നു. 

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സ്കൂളുകളിൽ പ്രൈമറിതലം മുതൽതന്നെ തുടങ്ങുക, കായികാധ്യാപകരില്ലാത്ത സ്കൂളുകളിൽ നിയമനം നടത്തുക, കൈവേലി-കക്കട്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, മുഴുവൻ കന്നുകാലികൾക്കും ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, മൃഗസംരക്ഷണ മേഖലയിൽ 24 മണിക്കൂർ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക, വയോജനങ്ങൾക്ക് വേണ്ടി കൂടുതൽ പ്രവർത്തനങ്ങൾ നടപ്പിലാക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ ഉയർന്നു.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ കെ ലീല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, വൈസ് പ്രസിഡന്റ് വി കെ ബീന, അസി. സെക്രട്ടറി വി പി രാജീവൻ, സ്ഥിരംസമിതി അധ്യക്ഷൻമാരായ വി നാണു, ഷാജു ടോം പ്ലാക്കൽ, ടി കെ ഷീജ, മെമ്പർമാരായ പി മിനി, അൽഫോൺസ റോബിൻ, ടി ശശി, വി ടി അജിത, വി കെ അനുരാജ്, ടി സുധീർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ രാജീവൻ, റിസോഴ്സ് പേഴ്സൺ ടി സുമേഷ് എന്നിവർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

date