Skip to main content

ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്ന് നടന്ന വികസന സദസ്സ്

മുന്നിയൂര്‍ പഞ്ചായത്ത്

അഞ്ചുവര്‍ഷത്തെ വികസന നേട്ടം ജനങ്ങളിലേക്ക് എത്തിച്ച് മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ജനശ്രദ്ധ നേടി. സി.പി. ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. സുഹറാബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹനീഫ അച്ചാട്ടില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സമഗ്ര മേഖലയിലും മികച്ച നേട്ടം കൈവരിച്ചതായും 179 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ഉദ്ഘാടന പ്രസംഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. സുഹറാബി പറഞ്ഞു.

ആരോഗ്യ, വിദ്യാഭ്യാസ, കായിക, പശ്ചാത്യ, ഉത്പാദന മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ റിപ്പോര്‍ട്ട്  ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി. മുനീര്‍ മാസ്റ്റര്‍, വികസനകാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.പി. സുബൈദ, ക്ഷേമകാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാസ്മിന്‍ മുനീര്‍ എന്നിവര്‍ അവതരിപ്പിച്ചു. ചടങ്ങില്‍ പഞ്ചായത്ത് ആസൂത്രണ സമിതി അംഗം എം.എ. അസീസ്, മെമ്പര്‍മാരായ പി.വി. അബ്ദുല്‍ വാഹിദ്, നൗഷാദ് തിരുത്തുമ്മല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സര്‍ക്കാറിന്റെയും പഞ്ചായത്തിന്റെയും അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ വീഡിയോ പ്രദര്‍ശനവും ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍ എന്നിവരെ ആദരിക്കലും നടന്നു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അങ്കണവാടി, ഹരിത കര്‍മേസന, ആരോഗ്യ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

വെട്ടം ഗ്രാമപഞ്ചായത്ത്

ഗ്രാമപഞ്ചായത്തിന്റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിജയം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നടത്തിയ വികസന സദസ് ജനശ്രദ്ധയാകര്‍ഷിച്ചു. പരിയാപുരം ട്രൈവാലി ഓഡിറ്റോറിയത്തില്‍ രണ്ടുദിവസങ്ങളിലായാണ്  ചടങ്ങ് നടന്നത്. രണ്ടാം ദിവസ പരിപാടികള്‍ മരണപ്പെട്ട മുന്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് ആദരാജ്ഞലിയര്‍പ്പിച്ചാണ് തുടങ്ങിയത്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനവും പഞ്ചായത്തിന്റെ വികസന മുന്നേറ്റത്തിന്റെ വിശദീകരണ വീഡിയോയും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് പഞ്ചായത്ത് പ്രതിനിധികളും പൊതുപ്രവര്‍ത്തകരും പൊതുജനങ്ങളും പങ്കെടുത്ത ഓപണ്‍ ഫോറം നടന്നു. മുന്‍ പഞ്ചായത്ത് മെമ്പര്‍മാര്‍, ഹരിത കര്‍മ സേന അംഗങ്ങള്‍, അങ്കണവാടി-ആശാ പ്രവര്‍ത്തകര്‍ എന്നിവരെയും  ആദരിച്ചു.വൈകിട്ട് നടന്ന വികസന സദസ്സ് സമാപന സെഷന്‍ ന്യൂനപക്ഷ ക്ഷേമ- കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍  ഉദ്ഘാടനം ചെയ്തു.

 

വാഴയൂര്‍ പഞ്ചായത്തില്‍ വികസന സദസ്സ് സംഘടിപ്പിച്ചു

പഞ്ചായത്തില്‍ നടപ്പിലാക്കിയ അഞ്ചുവര്‍ഷത്തെ വികസനങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് വാഴയൂര്‍ പഞ്ചായത്തില്‍ വികസന സദസ്സ് സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വാസുദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി കോലോത്തോടി അധ്യക്ഷയായി.

ഭൂരിപക്ഷ പ്രദേശങ്ങളും കാര്‍ഷിക മേഖലയില്‍ ഉള്‍പ്പെടുന്ന വാഴയൂര്‍ പഞ്ചായത്തില്‍ കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കാന്‍ സാധിച്ചു. വാഴ, നെല്ല്, പച്ചക്കറികള്‍ തുടങ്ങിയ തുടങ്ങിയ മേഖലകളില്‍ നിരവധി  ധനസഹായങ്ങള്‍ കര്‍ഷകര്‍ക്കായി നല്‍കി, മാലിന്യനിര്‍മാര്‍ജ്ജനത്തിന് ഹരിത കര്‍മ്മ സേന പ്രവര്‍ത്തനങ്ങള്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എന്നിവയില്‍ ലഭ്യമായ ഫണ്ടുകള്‍ വിനിയോഗിച്ച് പഞ്ചായത്തില്‍ വികസനങ്ങള്‍ നടപ്പിലാക്കി.

വാഴയൂര്‍ കാരാട് ഇ.കെ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ റാഷിദ ഫൗലത്ത് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി കെ. അബ്ദുല്‍ റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ പി.കെ. ബാലകൃഷ്ണന്‍, പ്രസീത ടീച്ചര്‍, മെമ്പര്‍മാരായ ടി.ജെ. വാസുദേവന്‍, ജൗഹറ, പി.എം. സരിത, എ.കെ. സുധ, കെ.ഡി. രാജന്‍, ജമീല കൊടുമ്പട്ടില്‍, എന്‍.കെ. സുമിത്ര, കെ. ജിതേഷ്, എ.വി. അനില്‍, സജ്ന മലയില്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.

തലക്കാട് ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

തലക്കാട് ഗ്രാമപഞ്ചായത്തിന്റെ അഞ്ചുവര്‍ഷത്തെ വികസന മുന്നേറ്റങ്ങളും നേട്ടങ്ങളും ചര്‍ച്ച ചെയ്തും നാളത്തെ വികസനത്തിന് ജനാഭിപ്രായം തേടി നൂതന ആശയങ്ങള്‍ സ്വരൂപിച്ചും വികസന സദസ്സ് സംഘടിപ്പിച്ചു. പാറശ്ശേരി കൈരളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പയുടെ അധ്യക്ഷതയില്‍ ന്യൂനപക്ഷ- ക്ഷേമ-കായിക-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

വനിതകള്‍ നേതൃത്വം നല്‍കിയ ചെണ്ട മേളത്തോടെ നടന്ന ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ബാബു സ്വാഗതം പറഞ്ഞ പരിപാടിയില്‍ തിരൂര്‍ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍ മുഖ്യാതിഥിയായി. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ പഞ്ചായത്തിന്റെ യശസ്സ് ഉയര്‍ത്തിയവര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും തലക്കാട് ഗ്രാമപഞ്ചായത്തിന്റെയും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം അസിസ്റ്റന്റ് സെക്രട്ടറി ഷിനു ആനി വര്‍ഗീസ് നിര്‍വഹിച്ചു. ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരും പൊതുപ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.
 

പോരൂര്‍ പഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരും പോരൂര്‍ ഗ്രാമപഞ്ചായത്തും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വികസന സദസ് സംഘടിപ്പിച്ചു. ചെറുകോട് റോസ് ഹില്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ റജില ഉദ്ഘാടനം ചെയ്തു.രണ്ടാം വാര്‍ഡ് മെമ്പര്‍ ഗീത അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയ വികസന പദ്ധതികളുടെ വിശദീകരണം സെക്രട്ടറി കെ. റോഷിന്‍ കോശി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ റിസോഴ്‌സ് പേഴ്‌സണ്‍ സി. മുഹമ്മദ് ഫാസില്‍ അടുത്ത അഞ്ച് വര്‍ഷത്തെ വികസനം എങ്ങനെ നടപ്പാക്കണം എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകൾക്ക് നേതൃത്വം നൽകി.പഞ്ചായത്ത് അംഗം റംലത്ത്, പൊതുപ്രവര്‍ത്തകരായ മുജീബ് മാസ്റ്റര്‍, കണ്ണിയന്‍ കരീം സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിനോദ് സ്വാഗതവും ഹെഡ് ക്ലര്‍ക്ക് ഹസീന ജാസ്മിന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോയും ഗ്രാമപഞ്ചായത്തിന്റെ വീഡിയോയും പ്രദര്‍ശിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങള്‍, മുന്‍ പഞ്ചായത്ത് അംഗങ്ങള്‍, ഹരിത കര്‍മ്മ സേന, അങ്കണവാടി-ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.

date