Skip to main content

പ്രതീക്ഷയുടെ കണക്കുകൾ: 5097 രോഗികൾക്ക് ആശ്വാസം

ആശുപത്രി അധികൃതർ നൽകുന്ന കണക്കുകൾ പ്രകാരം, 2025 ജനുവരി മുതൽ സെപ്റ്റംബർ വരെ കീമോതെറാപ്പിക്കായി 5097 രോഗികളാണ് ആശുപത്രിയിൽ എത്തിയത്. ഇതിൽ 1988 രോഗികൾക്ക് സൗജന്യ ചികിത്സാ സേവനം ലഭിച്ചു. ഈ ഒൻപത് മാസക്കാലയളവിൽ മാത്രം 94 പുതിയ കാൻസർ കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.

 ജനുവരിയിൽ 635 രോഗികൾ വന്നപ്പോൾ 243 പേർക്ക് സേവനം നൽകി; ഫെബ്രുവരിയിൽ 456 പേരിൽ 170 പേർക്കും, മാർച്ചിൽ 588 പേരിൽ 186 പേർക്കും, ഏപ്രിലിൽ 626 പേരിൽ 205 പേർക്കും, മെയ് മാസത്തിൽ 549 പേരിൽ 201 പേർക്കും, ജൂണിൽ 643 പേരിൽ 215 പേർക്കും, ജൂലൈയിൽ 646 പേരിൽ 238 പേർക്കും, ഓഗസ്റ്റിൽ 550 പേരിൽ 217 പേർക്കും, സെപ്റ്റംബറിൽ 609 പേരിൽ 233 പേർക്കുമാണ് കീമോ ചികിത്സ ലഭിച്ചത്. മറ്റ് രോഗികൾക്ക് ഒ.പിയിൽ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം ആവശ്യമുള്ള സേവനം ലഭ്യമാക്കി.

പുതിയ കേസുകളുടെ ഇനം തിരിച്ചുള്ള കണക്കുകൾ പ്രകാരം സ്തനാർബുദത്തിൻ്റെ 32 ഉം, വായയിലെ കാൻസറിൻ്റെ എട്ടും, ശ്വാസകോശ കാൻസറിൻ്റെ മൂന്നും, ഗർഭാശയ കാൻസറിൻ്റെ ഒന്നും കേസും റിപ്പോർട്ട് ചെയ്തപ്പോൾ, മറ്റ് കാൻസറുകളുടേതായി 49 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ചികിത്സാ രീതി: പൂർണ്ണമായും സൗജന്യം

കീമോതെറാപ്പി സേവനം ഇവിടെ മറ്റെല്ലാ സൗകര്യങ്ങളോടും കൂടി പൂർണ്ണമായും സൗജന്യമായാണ് നൽകുന്നത്. "രോഗനിർണയം പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജ് നൽകുന്ന കീമോ ചാർട്ട് അനുസരിച്ച് എത്ര സൈക്കിൾ കീമോ വേണമെങ്കിലും ഇവിടെ ചെയ്യാൻ സാധിക്കും. തുടർചികിത്സകളും ഇവിടെത്തന്നെ ലഭ്യമാകും," എൻ.എച്ച്.എം സ്റ്റാഫ് നഴ്സായ സൗമ്യ പി.ജി പറയുന്നു. സൗജന്യ മരുന്ന് ലഭ്യത സംബന്ധിച്ച് വ്യക്തതയുണ്ട്: ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്ത രോഗികൾക്ക്, കെ.എം.സി.എൽ. (KMCL) വഴി മരുന്നുകൾ ലഭ്യമാണെങ്കിൽ അത് സൗജന്യമായി നൽകും. അല്ലാത്തപക്ഷം, രോഗികൾ മരുന്നുകൾ പുറത്ത് നിന്ന് വാങ്ങേണ്ടി വരും. എന്നാൽ ചികിത്സയുമായി ബന്ധപ്പെട്ട മറ്റെല്ലാ സൗകര്യങ്ങൾക്കും ഫീസുകളില്ല. മറ്റ് ആശുപത്രികളിൽ പ്രാഥമിക കീമോതെറാപ്പി പൂർത്തിയാക്കിയവർക്ക് പോലും തുടർചികിത്സകൾ ഇവിടെ ലഭ്യമാക്കുന്നുണ്ട്. ഹോർമോൺ തെറാപ്പിയും ഇൻഷുറൻസ് മുഖേന സൗജന്യമായി ഇവിടെ ചെയ്യാനാകുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്.

സർക്കാർ സംവിധാനങ്ങളുടെ കരുത്തും ജീവനക്കാരുടെ ആത്മാർത്ഥമായ പരിചരണവും സംയോജിക്കുമ്പോൾ, ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഈ കീമോതെറാപ്പി യൂണിറ്റ്, കാൻസർ രോഗികൾക്ക് അവരുടെ ജീവിതത്തിലേക്കുള്ള മടക്കയാത്രയിൽ സുരക്ഷിതവും സൗജന്യവുമായ ഒരിടമായി മാറുകയാണ്.

 

date