ഭവനനിർമാണ ബോർഡിന്റെ നീലാംബരി അപ്പാർട്ട്മെന്റിന്റേയും കമേഴ്സ്യൽ കം ഓഫീസ് കെട്ടിടത്തിന്റേയും ഉദ്ഘാടനം 29ന്
സംസ്ഥാന ഭവന ബോർഡ് തിരുവനന്തപുരം അമ്പലനഗറിൽ നിർമിച്ച നീലാംബരി അപ്പാർട്ട്മെന്റിന്റേയും പി.ടി. ചാക്കോ നഗർ ഭവന പദ്ധതിയുടെ ഭാഗമായി നിർമിച്ച കമേഴ്സ്യൽ കം ഓഫീസ് കെട്ടിടത്തിന്റേയും ഉദ്ഘാടനം ഒക്ടോബർ 29 വൈകിട്ട് 5.30ന് അമ്പലനഗർ ഭവനപദ്ധതി പ്രദേശത്ത് റവന്യു, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. എം.എൽ.എ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, മേയർ ആര്യാ രാജേന്ദ്രൻ, ശശിതരൂർ എം.പി., രാജ്യസഭാ അംഗം പി.പി. സുനീർ, എം.എൽ.എ വി. ജോയി തുടങ്ങിയവർ സംബന്ധിക്കും. ഹൗസിങ് കമ്മീഷണറും ഭവന നിർമാണ ബോർഡ് സെക്രട്ടറിയുമായി ഗീതാ എ. റിപ്പോർട്ട് അവതരിപ്പിക്കും. ഭവന നിർമാണ ബോർഡ് ചെയർപേഴ്സൺ ടി.വി. ബാലൻ, ചീഫ് എൻജിനിയർ നൗഷാദ് എ., രാഷ്ട്രീയ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
അമ്പലനഗറിൽ 11 നിലകളിലായാണ് 80 ഫ്ലാറ്റുകൾ ഉൾപ്പെടുന്ന നീലാംബരി അപ്പാർട്ട്മെന്റ് ഒരുക്കിയിരിക്കുന്നത്. ഉള്ളൂർ മെഡിക്കൽ കോളജ് റോഡിൽ പി.ടി. ചാക്കോ നഗർ ഭവന പദ്ധതിയുടെ ഭാഗമായി ഭവന നിർമാണ ബോർഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് നാല് നിലകളിലായി കമേഴ്സ്യൽ കം ഓഫീസ് കെട്ടിടം പൂർത്തിയാക്കിയിരിക്കുന്നത്.
പി.എൻ.എക്സ് 5362/2025
- Log in to post comments