Skip to main content

വല്ലപ്പുഴ റെയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യത്തിലേക്ക്

നിര്‍മ്മാണോദ്ഘാടനവും ബിസി ഓവര്‍ലെന്‍ നവീകരണോദ്ഘാടനവും ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും
 

സംസ്ഥാന സര്‍ക്കാരിന്റെ ലെവല്‍ ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി വല്ലപ്പുഴ ഗ്രാമപഞ്ചായത്തിലെ റെയില്‍വേ മേല്‍പ്പാലവും യാഥാര്‍ത്ഥ്യമാകുന്നു. റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 28 ) ഉച്ചയ്ക്ക് 12 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. വല്ലപ്പുഴ പഞ്ചാരത്ത്പ്പടി കെ എസ് എം ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

 

സംസ്ഥാന സര്‍ക്കാര്‍ കിബ്ഫി പദ്ധതിയിലുള്‍പ്പെടുത്തി 27.09 കോടി രൂപ വിനിയോഗിച്ചാണ് വല്ലപ്പുഴ മേല്‍പ്പാലം നിര്‍മിക്കുന്നത്. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് (ആര്‍.ബി.ഡി.സി.കെ) മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. മേല്‍പ്പാലം നിര്‍മ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 23.28 കോടി രൂപ ചിലവില്‍ 17 സെന്റ് ഭൂമിയാണ്  സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുത്തത്. മേല്‍പ്പാലം യഥാര്‍ത്ഥ്യമാകുന്നതോടെ പട്ടാമ്പി-ചെറുപ്പുളശ്ശേരി റോഡില്‍ ഉണ്ടാകുന്ന യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകും.

 

രണ്ട് വരി ഗതാഗതത്തിന് ഉതകുന്ന രീതിയില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 416.59 മീറ്റര്‍ നീളത്തിലാണ് റോഡ് നിര്‍മ്മാണം. കൂടാതെ നടപ്പാത ഉള്‍പ്പെടെ 10.20 മീറ്റര്‍ വീതിയിലാണ് മേല്‍പ്പാലം വിഭാവനം ചെയ്തിരിക്കുന്നത്. മേല്‍പ്പാലത്തിന് പുറമെ ഇരുവശത്തും ഓടയോട് കൂടിയ സര്‍വ്വീസ് റോഡും വിഭാവനം ചെയ്തിട്ടുണ്ട്.

 

പട്ടാമ്പി മുതല്‍ വല്ലപ്പുഴ വരെ വരുന്ന റോഡിന്റെ ബിസി ഓവര്‍ലെന്‍ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ശബരിമല പാക്കേജില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച ആറു കോടി രൂപ വിനിയോഗിച്ചാണ് ബി സി ഓവര്‍ലെന്‍ നവീകരണം നടത്തുന്നത്. 8.4കി മീ ദൂരം 7.5 മീറ്റര്‍ വീതിയിലാണ് ബി സി ഓവര്‍ലേ പ്രവൃത്തി ചെയ്ത് നവീകരിക്കുന്നത്. റോഡിലെ വെളളക്കെട്ട് ഒഴിവാക്കുന്നതിനായി ഡ്രൈനേജ് പ്രവര്‍ത്തികളും കള്‍വര്‍ട്ട് പ്രവൃത്തികളും റോഡ് സുരക്ഷക്കായുളള ക്രമീകരണങ്ങളും പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

date