Skip to main content

കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ഇന്‍ഡോര്‍ സ്റ്റേഡിയം ഒറ്റപ്പാലത്ത് ഒരുങ്ങുന്നു; നിര്‍മ്മാണോദ്ഘാടനം  ഇന്ന്

കേരളത്തിലെ ആദ്യ ഭിന്നശേഷി സൗഹൃദ ഇന്‍ഡോര്‍ സ്റ്റേഡിയം ഒറ്റപ്പാലം ഗവ. ബധിര-മൂക വിദ്യാലയത്തില്‍ ഒരുങ്ങുന്നു. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഒറ്റപ്പാലം ഗവ. ബധിര-മൂക വിദ്യാലയത്തില്‍ ഇന്ന് (ഒക്ടോബര്‍ 28 )വൈകിട്ട് നാലിന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കും.കെ പ്രേംകുമാര്‍ എംഎല്‍എ അധ്യക്ഷനാകും.
സംസ്ഥാന സര്‍ക്കാരിന്റെ 2021- 22 വര്‍ഷത്തെ ബജറ്റില്‍  നിന്നും അനുവദിച്ച പത്തു കോടി  രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ബാസ്‌ക്കറ്റ് ബോള്‍, വോളി ബോള്‍, ഷട്ടില്‍ ഉള്‍പ്പടെയുള്ള കോര്‍ട്ടുകളടങ്ങിയ സ്റ്റേഡിയമാണ്  ഒരുക്കുന്നത്. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം.
ഗ്രൗണ്ട് ഡെവലപ്‌മെന്റ്, ഇന്‍ഡോര്‍ സ്റ്റേഡിയം, റീട്ടൈനിങ് വാള്‍, കോമ്പൗണ്ട് വാള്‍, കുളത്തിന് ചുറ്റും സംരക്ഷണ ഭിത്തി, സെക്യൂരിറ്റി ക്യാബിന്‍, ബോര്‍ വെല്‍, ഓവര്‍ ഹെഡ് ടാങ്ക്, പമ്പ് റൂം, സോളാര്‍ സിസ്റ്റം, ഫ്‌ളെഡ് ലൈറ്റ്, ഡ്രെയിന്‍, അനുബന്ധ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ എന്നീ ഘടകങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കായിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി ഒറ്റപ്പാലം മണ്ഡലത്തില്‍ കായിക വകുപ്പ് മുഖേന 18.49 കോടി രൂപയുടെ ഒന്‍പത് പ്രവൃത്തികളാണ് നടന്നുവരുന്നത്.

date