Skip to main content

ഹരിതകേരളം മിഷൻ രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള നദീ പുനരുജ്ജീവന കർമപരിപാടിക്ക് ഇന്നു (ഡിസംബർ 08) ജില്ലയിൽ തുടക്കം.

വാമനപുരം നദി  മാലിന്യമുക്തമാക്കൽ, കാട്ടാക്കട മണ്ഡലത്തിലെ കൊല്ലംകോണം തോട് നവീകരണം, കിള്ളിയാർ മിഷന്റെ ഭാഗമായി കിള്ളിയാറിൽ ഭൂവസ്ത്രമിടൽ എന്നിവയാണ് ജില്ലയിൽ നടപ്പാക്കുന്ന മൂന്നു കർമപദ്ധതികൾ.

വാമനപുരം നദി മാലിന്യമുക്തമാക്കുന്ന പരിപാടി ഇന്നു (ഡിസംബർ 08) രാവിലെ 8.30ന് പച്ച ശാസ്ത്രാക്ഷേത്രാങ്കണത്തിൽ ഡി.കെ മുരളി എം.എൽഎ. ഉദ്ഘാടനം ചെയ്യും. പച്ച ശാസ്താക്ഷേത്രത്തിന്റെ ബലിക്കടവ് മുതൽ പാലോട് വരെയുള്ള മൂന്നു കിലോമീറ്റർ ഭാഗമാണു ശുചിയാക്കുന്നത്. കാട്ടാക്കട മണ്ഡലത്തിലെ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായാണു കൊല്ലംകോണം തോട് നവീകരണം. മണ്ണംകോട്, വിളപ്പിൽശാല, തുരുത്തുംമൂല വാർഡുകൾ ഉൾപ്പെടുന്ന രണ്ടു കിലോമീറ്റർ ദൂരത്തിൽ നടക്കുന്ന ശുചീകരണ പരിപാടി ഇന്നു (ഡിസംബർ 08) രാവിലെ എട്ടിന് കൊല്ലംകോണം ജങ്ഷനിൽ ഐ.ബി. സതീഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

ജില്ലയിൽ മാതൃകയായി ഏറ്റെടുത്തു നടപ്പാക്കിയ കിള്ളിയാർ മിഷൻ ശുചീകരണ പ്രവർത്തനത്തിന്റെ തുടർച്ചയായി വഴയില മേഖലയിൽ കിള്ളിയാറിന്റെ ഇരു കരകളിലും ഭൂവസ്ത്രം അണിയിക്കുന്ന പരിപാടി ഇന്നു രാവിലെ ഒമ്പതിന് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ മറ്റു ഗ്രാമ പഞ്ചായത്തുകളിലും വിവിധ പ്രവർത്തനങ്ങൾക്ക് ഇന്നു തുടക്കമാകും. പഴയകുന്നുമ്മേൽ പഞ്ചായത്തിലെ നദീ പുനരുജ്ജീവന പരിപാടി ഇന്നു രാവിലെ ഒമ്പതിന് ബി. സത്യൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വടക്കുംപുറം - ആറ്റൂർ തോടിന്റെ ശുചീകരണ ജോലികളാണ് നടക്കുന്നത്.
(പി.ആർ.പി. 2749/2018)

 

date