Skip to main content

കൃഷിയിടത്തിന്റെയും വിളകളുടേയും പ്രത്യേകതകള്‍ മനസിലാക്കി പദ്ധതികള്‍ തയ്യാറാക്കണം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

 

 

പ്രകൃതി പാഠം - ചിറ്റൂര്‍ ബ്ലോക്ക് തല ആശയവിനിമയ സദസ്സിന്റെ ഉദ്ഘാടനം നടന്നു

ഓരോ കര്‍ഷകനും തങ്ങളുടെ കൃഷിയിടത്തിന്റെയും വിളകളുടെയും പ്രത്യേകതകള്‍ക്കനുസരിച്ച് ഉത്പാദന പദ്ധതികള്‍ തയ്യാറാക്കണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഭൂവിനിയോഗ വകുപ്പിന്റെയും ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രകൃതി വിഭവ സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച 'പ്രകൃതി പാഠം' പദ്ധതിയുടെ ബ്ലോക്ക് തല ആശയവിനിമയ സദസ്സ്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ വണ്ണാമടയില്‍ പ്രമുഖ കര്‍ഷകന്‍ രഘുനാഥ ഗൗണ്ടറുടെ കൃഷിയിടത്തില്‍ വെച്ചായിരുന്നു പരിപാടി.
 മണ്ണ് സംരക്ഷണം, കൃത്യതാ കൃഷി, മൈക്രോ ഇറിഗേഷന്‍ തുടങ്ങിയ ആധുനിക കൃഷിരീതികളുടെ ആവശ്യകതയെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. അശാസ്ത്രീയമായ ഭൂവിനിയോഗ മാറ്റങ്ങള്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്ക് അവബോധം നല്‍കുക, തനതായ ഭൂവിനിയോഗ രീതികള്‍ നിലനിര്‍ത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് 'പ്രകൃതി പാഠം' ബ്ലോക്ക് തല ആശയവിനിമയ സദസ്സ് സംഘടിപ്പിച്ചത്.
ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത അധ്യക്ഷത വഹിച്ചു. ഭൂവിനിയോഗ കമ്മിഷണര്‍ യാസ്മിന്‍ എല്‍. റഷിദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സിന്ധു, ചിറ്റൂര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി. വരുണ്‍, ഭൂവിനിയോഗ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടീന ഭാസ്‌കരന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

പ്രകൃതി വിഭവ പരിപാലനം, കാലാവസ്ഥാ വ്യതിയാനം, മണ്ണ് സംരക്ഷണം, രോഗ-കീട നിയന്ത്രണം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍, കര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത ആശയവിനിമയ സദസും പരിപാടിയുടെ ഭാഗമായി നടന്നു. ഭൂവിനിയോഗ കമ്മീഷണര്‍ യാസ്മിന്‍ എല്‍. റഷിദ് നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. തോമസ് അനീഷ് ജോണ്‍സണ്‍, പട്ടാമ്പി കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ സോയില്‍ സയന്‍സ് പ്രൊഫസര്‍ ഡോ. വി. തുളസി, കീടശാസ്ത്രം പ്രൊഫസര്‍ ഡോ. കെ. കാര്‍ത്തികേയന്‍ എന്നിവര്‍ വിഷയ വിദഗ്ധരായി പങ്കെടുത്തു. വിദഗ്ധര്‍ കര്‍ഷകരുമായി സംവദിക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.നൂറോളം കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

date