ഭക്ഷ്യഭദ്രതയിലൂടെ അതിദാരിദ്ര്യമുക്തിയിലേക്ക്: പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് ജീവനക്കാരുടെ യോഗം ഇന്ന് (ഒക്ടോബർ 31ന്)
ഭക്ഷ്യഭദ്രതയിലൂടെ അതിദാരിദ്ര്യമുക്തിയിലെത്തുന്നതിന്റെ ഭാഗമായി ഒക്ടോബർ 31 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സത്യൻ സ്മാരകത്തിൽ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ വിപുലമായ യോഗം ചേരും. ഭക്ഷ്യഭദ്രതയിലൂടെ കേരളത്തെ അതിദാരിദ്ര്യ മുക്തിയിലേക്ക് കൊണ്ടുപോകാൻ വ്യത്യസ്ത ചുമതലകൾ നിർവ്വഹിച്ച ജീവനക്കാർ, റേഷൻ വ്യാപാരികൾ, ഗതാഗത കരാറുകാർ, ചുമട്ടുതൊഴിലാളികൾ എന്നിങ്ങനെയുള്ള വിഭാഗങ്ങൾക്കെല്ലാം നന്ദിയും അഭിവാദ്യവും അർപ്പിച്ച് ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ-ലീഗൽ മെട്രോളജി വകുപ്പുമന്ത്രി ജി.ആർ.അനിൽ പ്രഭാഷണം നടത്തും.
കേരളപ്പിറവിദിനമായ നവംബർ 1ന് രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം പ്രഖ്യാപിക്കുകയാണ്. ഭക്ഷ്യഭദ്രത ഉറപ്പുവരുത്തിക്കൊണ്ടും നിയമപ്രകാരമുള്ള റേഷൻ സംവിധാനത്തിന് പുറത്ത് അവശ്യവസ്തുക്കൾ ന്യായവിലയ്ക്ക് ലഭ്യമാക്കുന്ന വിപണി ഇടപെടൽ ശൃംഖല സപ്ലൈകോ വഴി നടപ്പിലാക്കിക്കൊണ്ടും സുഭിക്ഷ-ജനകീയ ഹോട്ടലുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ന്യായവില ഭക്ഷണം ഉറപ്പാക്കിക്കൊണ്ടുമാണ് സംസ്ഥാനം ഈ ചരിത്രനേട്ടത്തിലേക്ക് ചുവടുവയ്ക്കുന്നത്. ‘ഭക്ഷ്യഭദ്രതയിലൂടെ അതിദാരിദ്ര്യമുക്തിയിലേക്ക്’ എന്ന സന്ദേശവുമായി പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പും ഈ ദിനം ആചരിക്കുന്നു.
ഒക്ടോബർ മാസത്തെ റേഷൻ വിതരണം നവംബർ ഒന്നിലേക്ക് ദീർഘിപ്പിക്കുകയും നവംബർ 1 റേഷൻകടകൾക്ക് പ്രവൃത്തിദിവസം ആക്കുകയും ചെയ്തിട്ടുണ്ട്. അന്നേദിവസം റേഷൻവ്യാപാരികൾ ഗുണഭോക്താക്കളുമായി ഈ ദിവസത്തിന്റെ ചരിത്രപ്രാധാന്യം പങ്ക് വയ്ക്കുകയും മധുരപലഹാരം വിതരണം നടത്തുകയും ചെയ്യും. നവംബർ 1 ന്റെ റേഷൻകടകളുടെ മാസാദ്യ അവധി നവംബർ 3 ലേയ്ക്ക് മാറ്റിയിട്ടുണ്ട്.
ആന്റണിരാജു എം.എൽ.എ., സംസ്ഥാന ഭക്ഷ്യകമ്മിഷൻ ചെയർമാൻ ഡോ. ജിനു സക്കറിയ ഉമ്മൻ, ഡെപ്യൂട്ടി മേയർ പി. കെ. രാജു, കൗൺസിലർ പാളയം രാജൻ, സപ്ലൈകോ എം. ഡി. ജയകൃഷ്ണൻ വി. എം., ലീഗൽ മെട്രോളജി കൺട്രോളർ ആർ. റീനാ ഗോപാൽ എന്നിവർ യോഗത്തിൽ സംസാരിക്കും. ഭക്ഷ്യ വകുപ്പ് സെക്രട്ടറി എം. ജി. രാജമാണിക്യം സ്വാഗതവും പൊതുവിതരണ കമ്മിഷണർ ഹിമ കെ. നന്ദിയും രേഖപ്പെടുത്തും.
പി.എൻ.എക്സ് 5444/2025
- Log in to post comments