വിലങ്ങൻകുന്ന് ടൂറിസം വികസനത്തിന് 3.45 കോടി രൂപയുടെ ഭരണാനുമതി
വടക്കാഞ്ചേരി മണ്ഡലത്തിലെ വിലങ്ങൻകുന്ന് വിനോദസഞ്ചാരകേന്ദ്രം വികസനത്തിന് 3.45 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. വിലങ്ങൻകുന്നിലെ ആദ്യഘട്ട സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് 2024-25 സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ടൂറിസം വകുപ്പിന്റെ 2025-26 വർഷത്തെ പ്ലാൻ പദ്ധതികളിൽ ഉൾപ്പെടുത്തി "വിലങ്ങൻകുന്ന് സൗന്ദര്യവത്കരണം - രണ്ടാം ഘട്ടം" പദ്ധതിക്ക് 2.45 കോടി രൂപയുടെ കൂടി ഭരണാനുമതിയായി. ഇതോടെ 3.45 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് വിലങ്ങൻകുന്നിൽ യാഥാർത്ഥ്യമാകുന്നത്.
തൃശ്ശൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കീഴിൽ അടാട്ട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ് വിലങ്ങൻകുന്ന്. കുന്നിനു മുകളിൽ നിന്നുള്ള തൃശ്ശൂർ നഗരത്തിന്റെയും കോൾപ്പാടങ്ങളുടെയും അതിമനോഹരമായ കാഴ്ചയാണ് ഇവിടുത്തെ പ്രധാന ആകർഷണം. വ്യായാമത്തിനും സൈക്കിൾ സവാരിക്കും മറ്റുമായി നിരവധി പേരാണ് ദിനംപ്രതി ഇവിടെയെത്തുന്നത്. വിലങ്ങൻകുന്നിന്റെ വിനോദസഞ്ചാര സാധ്യതകൾക്ക് കൂടുതൽ ഊർജ്ജം പകരുക എന്ന ലക്ഷ്യത്തോടെ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ തലത്തിൽ കൂടിയാലോചനകൾ നടന്നിരുന്നു. തൃശ്ശൂർ മാനേജ്‌മന്റ് അസോസിയേഷൻ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ കൂടി പരിഗണിച്ചുകൊണ്ടുള്ള ആദ്യഘട്ട, രണ്ടാംഘട്ട സൗന്ദര്യവത്കരണ പ്രവർത്തനങ്ങളാണ് ഭരണാനുമതി നേടി നിർമ്മാണത്തിന് ഒരുങ്ങുന്നത്.
വിലങ്ങൻകുന്നിൽ നിന്നുള്ള അതിമനോഹരമായ ദൃശ്യം പൂർണ്ണമായി ആസ്വദിക്കാൻ ഉതകുന്ന വിധത്തിൽ വാച്ച് ടവർ, റസ്റ്റോറന്റ്, സെമിനാർ ഹാൾ, ഓപ്പൺ ജിം, ബട്ടർഫ്ലൈ ഗാർഡൻ, ടോയ്ലറ്റ് ബ്ലോക്ക്, നടപ്പാത നവീകരണം, സൈൻബോർഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയുള്ള പദ്ധതിക്കാണ് ഭരണാനുമതിയായത്. സെമിനാർ ഹാൾ തയ്യാറാകുന്നതോടെ മീറ്റിങ്ങുകളും, കൂട്ടായ്മകളും, കലാ പരിപാടികളും സംഘടിപ്പിക്കാൻ വിലങ്ങൻകുന്നിൽ സൗകര്യമൊരുങ്ങും. 3.45 കോടി രൂപയുടെ പദ്ധതി യാഥാർഥ്യമാകുന്നതോടെ വിലങ്ങൻകുന്ന് കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കും.
വിലങ്ങൻകുന്നിലേക്ക് ഉള്ള റോഡ് പുനരുദ്ധാരണം വിവിധ പദ്ധതികളിലായി പുരോഗമിക്കുകയാണ്. ടിക്കറ്റ് കൗണ്ടർ മുതൽ ഹിൽടോപ്പ് വരെയുള്ള റോഡ് കാലവർഷക്കെടുതി പുനരുദ്ധാരണത്തിൽ ഉൾപ്പെടുത്തി മൂന്ന് റീച്ചുകളിലായി 30 ലക്ഷം രൂപയ്ക്ക് പുനർനിർമ്മിക്കുന്നതിന് ഭരണാനുമതിയായി. ആദ്യ റീച്ച് ടെണ്ടറായിട്ടുണ്ട്. എംഎൽഎ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ച് വിലങ്ങൻകുന്ന് കൾവെർട്ട് നിർമ്മാണം പൂർത്തിയായി. സംസ്ഥാനപാത മുതൽ ടിക്കറ്റ് കൗണ്ടർ വരെയുള്ള റോഡ് അടാട്ട് ഗ്രാമപഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപയ്ക്ക് നവീകരിക്കുന്നതിനും ടെണ്ടറായിട്ടുണ്ട്. വടക്കാഞ്ചേരി മണ്ഡലത്തിൽ ടൂറിസം രംഗത്തുമാത്രം 20 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുന്നതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.
- Log in to post comments