നിവേദ്യ അങ്കണവാടി; കുട്ടികളുടെ സ്വപ്ന ലോകം യാഥാർത്ഥ്യമായി
വേളൂക്കര ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ നിവേദ്യ അങ്കണവാടി കെട്ടിടം യാഥാർത്ഥ്യമായി. ആർ.സി.സി ഫ്രെയിംഡ് സ്ട്രക്ചറിൽ 780 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ഈ പുതിയ കെട്ടിടം, കുട്ടികൾക്കും അമ്മമാർക്കും സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷം ഒരുക്കുന്നു. അങ്കണവാടി യാത്ഥാർത്ഥ്യമായതോടെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്കും അമ്മമാരുടെ ആശ്വാസത്തിനും ഒരുപോലെ ഒരിടം ലഭിച്ചു.
കുട്ടികൾക്ക് മെച്ചപ്പെട്ടതും സുരക്ഷിതവുമായ ഒരു പഠന പരിചരണ അന്തരീക്ഷം ഒരുക്കുക, ഗർഭിണികൾക്കും അമ്മമാർക്കും പോഷകാഹാരവും ആരോഗ്യ സേവനവും ഉറപ്പാക്കുക എന്നിവയാണ് പുതിയ അങ്കണവാടി കെട്ടിടത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
കെട്ടിടത്തിൽ കുട്ടികളുടെ ആവശ്യത്തിനായി ഒരു ഹാളും കിച്ചൺ, സ്റ്റോർ റൂം, ടോയ്‌ലറ്റ് എന്നിവയും ഉൾപ്പെട്ടിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട നിയോജക മണ്ഡലം എം.എൽ.എയുമായ ഡോ. ആർ ബിന്ദുവിന്റെ 2024-25 ലെ ആസ്‌തി വികസന ഫണ്ടുപയോഗിച്ച് 30 ലക്ഷം രൂപയ്ക്കാണ് അങ്കണവാടി കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചത്. വേളൂക്കര പഞ്ചായത്തിലെ നിവേദ്യ അങ്കണവാടി മന്ത്രി ആർ. ബിന്ദു നാടിന് സമർപ്പിച്ചു.
- Log in to post comments