പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന് പുതിയ മന്ദിരം
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ മന്ദിരത്തിന്റെ നിർമാണ ഉദ്ഘാടനം സി.കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. സർക്കാർ ഓഫീസുകൾക്ക് മുഴുവൻ പുതിയ രീതിയിലുള്ള കെട്ടിടങ്ങൾ നിർമ്മിച്ചുകൊണ്ട് അടിസ്ഥാന സൗകര്യ വികസനത്തിൽ മുന്നേറുകയാണ് പാറശാല മണ്ഡലമെന്ന് എം.എൽ.എ പറഞ്ഞു.
ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തികൊണ്ട് സമഗ്രമായ വികസന പദ്ധതിയാണ് ഈ സർക്കാർ നടത്തികൊണ്ടിരിക്കുന്നത്. സർക്കാരിന്റെ വികസനം പാറശാല മണ്ഡലത്തിൽ കൃത്യമായി നടപ്പിലാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാറശാല നിയോജക മണ്ഡലത്തിന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2 കോടിയും, ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും വിനിയോഗിച്ചാണ് ആധുനിക രീതിയിലുള്ള കെട്ടിടം നിർമ്മിക്കുന്നത്.
പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.താണുപ്പിള്ള അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് സിമി, ജനപ്രതിനിധികളായ ഷീലകുമാരി, വി.എസ് ബിനു, ഐ.ആർ സുനിത, സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments