Skip to main content

പുതിയ സ്‌കൂൾ വർഷം അപകടരഹിത വർഷമായി ഉയർത്തും: ഡോ. എ. സമ്പത്ത് എം.പി

 

* എയർ ഹോണും ഹൈബീം ഹെഡ് ലൈറ്റുകളും നിയന്ത്രിക്കും

പുതിയ സ്‌കൂൾ വർഷം അപകടരഹിത വർഷമാക്കാൻ എല്ലാവരും പരമാവധി ശ്രമിക്കണമെന്ന് ഡോ. എ. സമ്പത്ത് എം.പി. പറഞ്ഞു. ഇതിന് ആവശ്യമായ ബോധവൽക്കരണ പരിപാടികൾ സ്‌കൂളുകളിലും മറ്റും സംഘടിപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.  ജില്ലാ റോഡ് സേഫ്റ്റി ചെയർമാൻ കൂടിയായ  എം.പിയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന ജില്ലാതല റോഡ് സേഫ്റ്റി കമ്മറ്റി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.   

നിരോധിക്കപ്പെട്ട, ഉച്ചത്തിലുള്ള എയർ ഹോണും രാത്രി വാഹനങ്ങൾക്ക് അസൗകര്യം ഉണ്ടാക്കുന്ന ഹൈബീം ഹെഡ് ലൈറ്റുകളും നിയന്ത്രിക്കുന്നതിന് കർശന നടപടി കൈകൊള്ളാനും കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
നിയമവിരുദ്ധമായി ഇവ ഉപയോഗിക്കുന്ന വാഹനങ്ങൾ മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നതിനാൽ വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പടെയുള്ള നിയമ നടപടികൾ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു.  

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ ,വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ ഉന്നതരുടെ യോഗം വിളിച്ചു ചേർക്കും.  ജില്ലാ കളക്ടർക്കാണ് ഇതിന്റെ ചുമതല . നാഷണൽ സർവീസ് സ്‌കീം, നാഷണൽ കേഡറ്റ് കോർപ്‌സ്, സ്റ്റുഡന്റ് പോലീസ്, സ്‌കൗട്ട് & ഗൈഡ്‌സ്, ട്രാഫിക്ക് ക്ലബുകൾ മുതലായവരുടെ സേവനം ട്രാഫിക്ക് ബോധവൽക്കരണത്തിന് ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചു.  ജില്ലാ കളക്ടർ ഡോ. കെ. വാസുകി, റോഡ് സേഫ്റ്റി കമ്മിഷണർ നിതിൻ അഗർവാൾ, എ.ഡി.എം. വി.ആർ. വിനോദ്, ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
(പി.ആർ.പി. 2769/2018)

 

date